07 February, 2021 07:01:20 PM


വിദ്യാർഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി എം.ജി. സർവകലാശാലയിൽ



കോട്ടയം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 8ന് മഹാത്മാഗാന്ധി സർവകലാശാല കാമ്പസിൽ വിദ്യാർഥി പ്രതിഭകളുമായി സംവദിക്കും. 'നവകേരളം യുവകേരളം-ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന വിഷയത്തിൽ മഹാത്മാഗാന്ധി, ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ വിദ്യാർഥികൾ നൂതനാശയങ്ങളും കാഴ്ചപ്പാടുകളും മുഖ്യമന്ത്രിയുമായി പങ്കുവയ്ക്കും.

 
രാവിലെ 11ന് സർവകലാശാല ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കുന്ന 'സി.എം. അറ്റ് കാമ്പസ്' സംവാദപരിപാടിയിൽ കലാ-കായിക-വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 200 വിദ്യാർഥികൾ നേരിട്ടും ആയിരത്തിലധികം വിദ്യാർഥികൾ ഓൺലൈനായും പങ്കെടുക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, ശ്രീ ശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലർ ഡോ. പി.കെ. ധർമ്മരാജൻ എന്നിവർ പങ്കെടുക്കും. വീണ ജോർജ് എം.എൽ.എ.യാണ് പരിപാടിയുടെ അവതാരക.


രാവിലെ 9.30ന് വിദ്യാർഥി രജിസ്‌ട്രേഷൻ ആരംഭിക്കും. 10.15ന് അശ്വമേധം ഫെയിം ജി.എസ്. പ്രദീപ് നയിക്കുന്ന 'ഇൻസ്പയർ കേരള' പരിപാടി നടക്കും. തുടർന്ന് വീഡിയോപ്രദർശനം. 11 മുതലാണ് സംവാദം. സംവാദ പരിപാടിയുടെ തത്സമയസംപ്രേഷണം വിദ്യാർഥികൾക്ക് കാണുന്നതിന് കോളജുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയും സർവകലാശാലയുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും വെബ്‌സൈറ്റിലൂടെയും പരിപാടി തത്സമയം കാണാം.


വിദ്യാർഥികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും ഉൾക്കൊണ്ട് ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസരീതിയിലൂടെ നവകേരളം സൃഷ്ടിക്കാനുതകുന്ന പാഠ്യപദ്ധതിയുടെ സാധ്യതകളാണ് 'നവകേരളം - യുവകേരളം' മുന്നോട്ടുവയ്ക്കുന്നത്.      വിദ്യാർഥികളുടെ നൂതന ആശയങ്ങൾ കണ്ടുപിടുത്തങ്ങളായി മാറ്റുക, മൾട്ടിഡിസിപ്ലിനറി വിദ്യാഭ്യാസം എന്ന സങ്കല്പം പ്രാവർത്തികമാകുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസരംഗം മാറ്റുക, കണ്ടുപിടുത്തങ്ങളും നൂതന ആശയങ്ങളും സമൂഹത്തിന് ഉപകാരപ്പെടുന്ന നിലയിൽ സ്റ്റാർട്ടപ്പുകൾപോലുള്ള വ്യാവസായികസംരംഭത്തിലേക്ക് നയിക്കുക, മാനവവിഭവശേഷി പരിശീലനത്തിന് മുൻതൂക്കം നൽകി ഉയർന്ന തൊഴിൽ സാധ്യതകളും സുരക്ഷിതമായ ഭാവിയും ഉറപ്പുനൽകുന്ന രീതിയിൽ ബിരുദ-ബിരുദാനന്തര ഗവേഷണപദ്ധതികൾ സാധ്യമാക്കുക, സമത്വം, ലഭ്യത, ഉൾക്കൊള്ളൽ എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കി ഉന്നതവിദ്യാഭ്യാസരംഗത്ത് ആരോഗ്യപരമായ മാറ്റങ്ങൾ വിഭാവനം ചെയ്യുക എന്നിവയും പരിപാടി ലക്ഷ്യമിടുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K