18 May, 2016 11:46:02 AM
പാഠ്യപദ്ധതിയില്‍ പരിഷ്‌കാരങ്ങളുമായി വി.എച്ച്.എസ്.ഇ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: 30 വര്‍ഷത്തിനുശേഷം പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരങ്ങളുമായി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (വി.എച്ച്.എസ്.ഇ) വിദ്യാര്‍ഥികള്‍ക്കു മുന്നിലെത്തുന്നു. കഴിഞ്ഞവര്‍ഷം പാഠ്യപദ്ധതി പരിഷ്‌കരണം നടന്നെങ്കിലും പൂര്‍ണരൂപത്തിലാകുന്നത് ഈ അദ്ധ്യയന വര്‍ഷം മുതലാണ്. വിദഗ്‌ധസ്‌ഥാപനങ്ങളുടെ പാഠ്യപദ്ധതിയാണ് വി.എച്ച്.എസ്.ഇയില്‍ നടപ്പാക്കുന്നത്.
മുമ്പുണ്ടായിരുന്ന 42 ട്രേഡുകള്‍ 35 എണ്ണമാക്കി കുറച്ചു. എല്ലാ സ്‌കൂളുകളിലും പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി വോക്കേഷണല്‍ ലബോറട്ടറികള്‍ നവീകരിച്ച് പഠനസജ്‌ജമാക്കി. പഠനം മോഡുലാര്‍ രീതിയിലേക്കു മാറ്റി. നാലു മൊഡ്യൂളുകളായിട്ടാണ് പഠനം. ആറുമാസം വീതമുള്ള ഓരോ മൊഡ്യൂളുകളിലും പഠനം പൂര്‍ത്തിയാകുന്നതോടെ ഓരോ നൈപുണ്യ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. വി.എച്ച്.എസ്.ഇ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിക്ക് ഹയര്‍ സെക്കന്‍ഡറിക്കു തുല്യമായ ഉപരിപഠനത്തിനു അര്‍ഹതകിട്ടുന്ന സര്‍ട്ടിഫിക്കറ്റിനോടൊപ്പം നാല് നൈപുണ്യ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. സംസ്‌ഥാന സര്‍ക്കാരിന്റെ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസ ഡയറക്‌ടറേറ്റിനു കീഴില്‍ നടത്തുന്ന കോഴ്‌സുകള്‍ക്ക് പി.എസ്.സി. അംഗീകാരവുമുണ്ട്.
കേരള കാര്‍ഷിക സര്‍വകലാശാല വി.എസ്.എസ്.ഇ. അഗ്രികള്‍ച്ചര്‍ യോഗ്യത നേടിയവര്‍ക്ക് 16 സീറ്റ് ബി.എസ്.സി അഗ്രികള്‍ച്ചര്‍ കോഴ്‌സിന് സംവരണം ചെയ്‌തിട്ടുണ്ട്. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്‌ടറേറ്റിന്റെ കീഴിലുളള സ്‌ഥാപനങ്ങളില്‍ സമാനമായ വി.എച്ച്.എസ്.ഇ. കോഴ്‌സ് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് സംവരണംചെയ്‌തിട്ടുണ്ട്. കേരള വി.എച്ച്.എസ്.ഇ. എന്‍ജിനീയറിങ് ട്രേഡ് പാസായ വിദ്യാര്‍ഥികള്‍ക്ക് സമാനമായ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് തമിഴ്‌നാട്ടിലെ പോളിടെക്‌നിക് കോളജുകളില്‍ ലാറ്ററല്‍ എന്‍ട്രി നല്‍കുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുളള എന്‍ജിനീയറിങ് ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ക്കു അനുവദിച്ച സീറ്റില്‍ അഞ്ച് ശതമാനം സീറ്റ് സമാനമായ ട്രേഡുകളില്‍ വി.എച്ച്.എസ്.ഇ. യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്‌തിട്ടുണ്ട്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (വി.എച്ച്.എസ്.ഇ) സ്‌കൂളുകളില്‍ 2016-17 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുളള അപേക്ഷാഫോം വിതരണം ചെയ്തു തുടങ്ങി. ഫോം വഴിയും ഓണ്‍ലൈനിലൂടെയും അപേക്ഷ സമര്‍പ്പിക്കാം. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം. ഒരു ബാച്ചില്‍ 25 കുട്ടികള്‍ വീതമാണ്. 25 രൂപയാണ് അപേക്ഷാഫോമിന്‍റെ വില. പൂരിപ്പിച്ച അപേക്ഷകള്‍ അതത് സ്‌കൂളുകളില്‍ സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പ് സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. പ്രവേശനത്തെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചുമുളള എല്ലാ വിവരങ്ങളും വി.എച്ച്.എസ്.ഇ. സ്‌കൂളുകളില്‍നിന്നും ലഭിക്കും. കോഴ്‌സ് വിവരങ്ങള്‍ക്ക് ഫോണ്‍: 0484-6636969.