28 October, 2020 12:02:26 PM


ബ്രിട്ടണിലെ രാജകുടുംബത്തില്‍ വീട്ടുജോലിക്കാരെ നിയമിക്കുന്നു: ശമ്പളം 18.5 ലക്ഷം രൂപ



ലണ്ടന്‍: വീട് വൃത്തിയാക്കാന്‍ അറിയാമോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് 18.5 ലക്ഷം രൂപ മാസ ശമ്പളമാണ്. വീട്ടുജോലിക്കാരനെ തേടി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബ്രിട്ടണിലെ റോയല്‍ ഫാമിലി. ഔദ്യോഗിക വെബ്‍സൈറ്റിലാണ് രാജകുടുംബം ഇതുസംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ 18,38,198 രൂപയാണ് മാസശമ്പളമായി ലഭിക്കുക.


ദി റോയൽ ഹൗസ്‍ഹോൾഡ് എന്ന ഔദ്യോഗിക വെബ്‍ സൈറ്റിൽ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങള്‍ വിശദമായി പങ്കുവെച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിൻഡ്‌സർ കാസ്റ്റിലിലാണ് ജോലിയെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിയെടുക്കേണ്ടിവരും. കൊട്ടാരത്തിൽ തന്നെ താമസിച്ച് ജോലി ചെയ്യണം എന്നതാണ് ഒരു നിബന്ധന. ഇന്‍റീരിയറുകളും വീടിനുള്ളിലെ മറ്റ് സാധനങ്ങളും വൃത്തിയായും ശ്രദ്ധയോടെയും പരിപാലിക്കുക എന്നതാണ് ജോലിയെ കുറിച്ച് പരസ്യത്തില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.


ഇംഗ്ലീഷും കണക്കും അറിയുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നും നോട്ടിഫിക്കേഷനിലുണ്ട്. വർഷത്തിൽ 33 ദിവസം അവധി അനുവദിക്കും. പെന്‍ഷനും ഉണ്ടായിരിക്കും. ഇതിനൊപ്പം രാജകീയ സൗകര്യങ്ങളും ലഭിക്കും. ജോലിക്കായുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഇന്നാണ്. അതിനുശേഷം വെർച്വൽ ഇന്‍റർവ്യൂ ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ 13 മാസം കൊട്ടാരത്തിൽ പരിശീലനം നൽകും. പരിശീലനം നല്‍കാന്‍ ഒരു ട്രെയിനര്‍ ഉണ്ടായിരിക്കും. ഹൌസ് കീപ്പിംഗ് കരിയറിലെ എല്ലാ സാങ്കേതിക പരിചയവും ഈ കാലയളവില്‍ പഠിച്ചെടുക്കണം. ഇതിന് പിന്നാലെയാകും സ്ഥിര നിയമനം.


എലിസബത്ത് രാജ്ഞിയുടെ കീഴില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന് പലയിടങ്ങളിലായി നിരവധി വസതികളുണ്ട്. വീട്ടുജോലിക്കാരും ക്ലീനിംഗ് ജോലിക്കാരും അടക്കം ഒരുപാട് ജീവനക്കാര്‍ ഇവിടങ്ങളിലായി ജോലിക്കാരായുമുണ്ട്. ബക്കിംഗ് ഹാം പാലസിലാണ് രാജ്ഞി താമസിക്കാറെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താമസം വിൻഡ്‌സർ കാസ്റ്റിലിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. എലിസബത്ത് രാജ്ഞിക്കു വേണ്ടിയുള്ള ഈ റിക്രൂട്ട്മെന്‍റ് കുറച്ച് വിഷമം പിടിച്ചതാവും എന്ന് പറയുന്നു, സിൽവർ സ്വാൻ റിക്രൂട്ട്മെന്‍റ് ഏജൻസി കമ്പനി അധികൃതര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K