01 January, 2016 01:49:21 AM


മെഡിക്കല്‍, എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷ ഏപ്രില്‍ 25 മുതല്‍



തിരുവനന്തപുരം: സംസ്‌ഥാന മെഡിക്കല്‍, എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷ ഏപ്രില്‍ 25 മുതല്‍ 28 വരെ നടക്കും. ഏപ്രില്‍ 25, 26 തീയതികളില്‍ എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷയും 27, 28 തീയതികളില്‍ മെഡിക്കല്‍ പരീക്ഷയുമാണ് നടക്കുക. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12.30 വരെയായിരിക്കും പരീക്ഷയെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്‌ അറിയിച്ചു.

25ന്‌ എന്‍ജിനീയറിങ്ങിലെ പേപ്പര്‍ ഒന്ന്‌ ഫിസിക്‌സും കെമിസ്‌ട്രിയും 26ന്‌ പേപ്പര്‍ രണ്ട്‌ മാത്തമാറ്റിക്‌സ്‌ പരീക്ഷയും നടക്കും. 27ന്‌ മെഡിക്കല്‍ വിഭാഗത്തിലെ പേപ്പര്‍ ഒന്ന്‌ കെമിസ്‌ട്രിയും ഫിസിക്‌സും 28ന്‌ പേപ്പര്‍ രണ്ട്‌ ബയോളജി പരീക്ഷയും നടക്കും. കേരളത്തിലെ മുന്നൂറ്റന്‍പതോളം കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ദുബായ്‌ എന്നിവിടങ്ങളിലുമാണു പരീക്ഷകള്‍. മെഡിക്കല്‍ പരീക്ഷാഫലം മേയ്‌ 25ന്‌ മുമ്പായും എന്‍ജിനീയറിങ്ങിന്റെ ഫലം ജൂണ്‍ 25 നു മുമ്പും പ്രസിദ്ധീകരിക്കും.

അപേക്ഷകള്‍ ജനുവരി മൂന്നു മുതല്‍ 29വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി  സമര്‍പ്പിക്കാം. അപേക്ഷാ ഫീസ്‌ ജനറല്‍ വിഭാഗത്തിന്‌ 1,000 രൂപയും പട്ടികജാതി വിഭാഗത്തിന്‌ 500 രൂപയുമാണ്‌. പട്ടികവര്‍ഗവിഭാഗത്തിന്‌ അപേക്ഷാഫീസില്ല.  

പരീക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും  30ന്‌ മുമ്പായി പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഓഫീസിലെത്തിക്കണം. അപേക്ഷാ സമര്‍പ്പണത്തിനാവശ്യമായ സെക്യൂരിറ്റി കാര്‍ഡുകളും പ്രോസ്‌പെക്‌ടസുകളും കേരളത്തിനകത്തും പുറത്തുമുള്ള 168 തെരഞ്ഞെടുക്കപ്പെട്ട പോസ്‌റ്റ്‌ ഓഫിസുകള്‍വഴി നാളെ  മുതല്‍ വിതരണം ചെയ്യും.  പട്ടികവിഭാഗം വിഭാഗത്തിനുള്ള പ്രോസ്‌പെക്‌ടസ്‌, സെക്യൂരിറ്റി കാര്‍ഡ്‌ എന്നിവ ഓരോ ജില്ലകളിലെയും ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസുകളില്‍നിന്നു സൗജന്യമായി ലഭിക്കും.

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി സംസ്‌ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്‌.എസ്‌.ഇ. സ്‌കൂളുകളിലും അക്ഷയ കേന്ദ്രങ്ങളിലും സിറ്റിസണ്‍ കോള്‍സെന്ററിലും ആവശ്യമായ പരിശീലനം നല്‍കുന്നതായിരിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K