12 September, 2020 06:38:57 PM


പ്രതിഷേധങ്ങള്‍ക്കിടയിലും സുഹൃത്തിന്‍റെ കുഞ്ഞിന് ചോറൂണ് നടത്തി കെ.ടി ജലീല്‍



മലപ്പുറം: വീടിന് പുറത്ത് പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ട സമയത്ത് മന്ത്രി കെ.ടി. ജലീലിന്‍റെ വീട്ടില്‍ ഒരു ചടങ്ങ് നടന്നു. ഒരു ചോറൂണ് ചടങ്ങ്. കാവുംപുറം സ്വദേശി രഞ്ജിത്തിന്‍റെയും ഷിബിലയുടെയും മകന് കെടി ജലീല്‍ ചോറു നല്‍കി, പേര് ചൊല്ലി വിളിച്ചു, ആദം ഗുവേര.


ജലീലുമായി അടുത്ത ബന്ധം ആണ് രഞ്ജിത്തിന്. ചോറൂണും പേരിടലും ജലീല്‍ തന്നെ വേണം എന്ന് രഞ്ജിത്ത് നേരത്തെ നിശ്ചയിച്ചിരുന്നു. വിവാദം കൊടുമ്പിരിക്കൊള്ളുന്നതൊന്നും ഇതിനെ ബാധിച്ചില്ലെന്ന് രഞ്ജിത്തും കുടുംബവും പറയുന്നു.

'മന്ത്രി ക്വാറന്‍റീനില്‍ ആയത് കൊണ്ടാണ് ചടങ്ങ് നീണ്ടു പോയത്. ഇന്ന് ചോറൂണ്‍ നടത്തണം എന്ന് കഴിഞ്ഞദിവസമാണ് തീരുമാനിച്ചത്. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇതിനെ ബാധിക്കില്ല' രഞ്ജിത്ത് പറഞ്ഞു.


രഞ്ജിത്തിന്‍റെ പെങ്ങളുടെ മകള്‍ ഐശ്വര്യയുടെ എഴുത്തിനിരുത്തല്‍ ചടങ്ങും ഇതോടൊപ്പം നടന്നു. ആദ്യാക്ഷരം കുറിച്ചതും കെ.ടി. ജലീല്‍ തന്നെ. പുറത്ത് പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും വീടിനുള്ളില്‍ കാണാന്‍ എത്തുന്നവരുടെ കാര്യങ്ങള്‍ കേട്ടും പരിഹരിച്ചും മന്ത്രി സജീവമായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K