10 May, 2016 01:05:42 AM
നീറ്റ് : ഇളവു വേണമെന്ന സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം തള്ളി
ദില്ലി: ഏകീകൃത മെഡിക്കൽ പ്രവേശപരീക്ഷയിൽ (നീറ്റ്) ഇളവുതേടി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങൾ നടത്തിയ മെഡിക്കൽ പ്രവേശ പരീക്ഷക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേന്ദ്ര വിജ്ഞാപനം അനുസരിച്ച് നടത്തുന്ന നീറ്റ് മറികടന്ന് സംസ്ഥാന സർക്കാറുകൾക്ക് പരീക്ഷ നടത്താനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
നീറ്റ് ഒന്നാംഘട്ടം വേണ്ടത്ര തയാറെടുപ്പില്ലാതെ എഴുതിയവർക്കും രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കാം. പക്ഷെ ആദ്യഘട്ടത്തിൽ ലഭിച്ച മാർക്ക് അസാധുവാവും. സംസ്ഥാനങ്ങളുടെയും സ്വകാര്യമാനേജ്മെൻറുകളുടെയും അവകാശങ്ങളെ ബാധിക്കുമെന്ന കാരണത്താൽ നീറ്റിൽ ഇളവ് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിധി സംവരണത്തെയോ ന്യൂനപക്ഷങ്ങളെയോ ബാധിക്കില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്താൻ കൂടുതൽ സമയം വേണമെന്ന സിബിഎസ്ഇയുടെ ആവശ്യത്തെ തുടർന്ന് നീറ്റ് രണ്ടാംഘട്ട പരീക്ഷയുടെ തീയതി നീട്ടുന്നത് കോടതി പരിഗണിക്കും .