30 July, 2020 05:53:10 PM
പ്ലസ് വണ്‍, ബിരുദ കോഴ്‌സുകള്‍; കോട്ടയത്ത് ഇതുവരെ അപേക്ഷിച്ചത് 1998 പേര്‍
കോട്ടയം: പ്ലസ് വണ്‍, മഹാത്മ ഗാന്ധി സര്‍വകലാശാലയുടെ ബിരുദ കോഴ്‌സുകള്‍ എന്നിവയ്ക്ക് കോട്ടയം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇതുവരെ 1998 പേര്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ 1699 അപേക്ഷകളും ബിരുദ കോഴ്‌സുകള്‍ക്കുള്ളതാണ്.
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ മൂലം അപേക്ഷാ സമര്‍പ്പണം പൂര്‍ണമായും ഓണ്‍ലൈനിലാക്കിയ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് സഹായമേകുന്നതിന് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രത്യേക സൗകര്യമൊരുക്കിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് അക്ഷയ കേന്ദ്രങ്ങള്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് . അപേക്ഷാ ഫീസ് സ്‌കൂളില്‍ ചേരുമ്പോള്‍ നല്‍കിയാല്‍ മതി. ഭിന്നശേഷിക്കാര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രിന്റൗട്ട് എടുത്ത് സ്‌കൂളില്‍ നല്‍കേണ്ടതില്ല
അപേക്ഷാ സമര്‍പ്പണത്തിന് ശേഷം ഒ.ടി.പി നല്‍കി ലഭിക്കുന്ന കാന്‍ഡിഡേറ്റ് ലോഗിന്‍ മുഖേനയാണ് തുടര്‍നടപടികള്‍. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്റെ രണ്ട് ഘട്ടവും ഓണ്‍ലൈനിലാണ്.