27 July, 2020 10:11:35 AM
ചൈനയുടെ ഉത്തരവ് നടപ്പാകുന്നു: അമേരിക്കൻ നയതന്ത്രജ്ഞർ ചെംഗ്ഡു കോണ്‍സുലേറ്റ് ഒഴിയും
ബെയ്ജിംഗ്: ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടിയതിന് പിന്നാലെ തെക്കുപടിഞ്ഞാറൻ നഗരമായ ചെംഗ്ഡുവിലെ അമേരിക്കൻ കോണ്‍സുലേറ്റ് അടയ്ക്കാനുള്ള ചൈനയുടെ ഉത്തരവ് നടപ്പാകുന്നു. കോണ്‍സുലേറ്റിൽ നിന്ന് ഉദ്യോഗസ്ഥർ ഉടൻ അമേരിക്കയിലേക്ക് മടങ്ങുമെന്നാണ് വിവരം. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പങ്കുവച്ചത്. തിങ്കളാഴ്ചയാണ് കോണ്‍സുലേറ്റ് അടക്കാനുള്ള അവാസന തീയതി. അതിനിടെ, കോണ്‍സുലേറ്റിന് പുറത്തെത്തിയ ചൈനക്കാർ ദേശീയപതാക വീശി അവരുടെ ആഹ്ലാദം പ്രകടിപ്പിച്ചു.
കോണ്‍സുലേറ്റിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്താനാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം കോണ്‍സുലേറ്റ് ജനറലിന് നിർദേശം നൽകിയിരുന്നത്. അമേരിക്കൻ നടപടികൾക്ക് നിയമാനുസൃതവും ആവശ്യമായതുമായ തിരിച്ചടിയാണിതെന്ന് ചൈന വ്യക്തമാക്കിയിരുന്നു. അമേരിക്കയാണ് അനാവശ്യമായ പ്രകോപനം സൃഷ്ടിച്ചതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് അടച്ചതിലൂടെ അമേരിക്ക നടത്തിയതെന്നും കുറ്റപ്പെടുത്തിയായിരുന്നു ചെംഗ്ഡു കോണ്‍സുലേറ്റ് അടക്കാൻ ചൈന ഉത്തരവിട്ടത്.