15 July, 2020 06:05:05 PM


ഓപ്പറേഷന്‍ ഗുരുകുലം: പത്താം ക്ലാസ്, പ്ലസ്‌ ടു പരീക്ഷകളില്‍ കുട്ടികള്‍ക്ക് ഉജ്ജ്വല വിജയം



കോട്ടയം: മാരകമായ ലഹരിയ്ക്ക് അടിമപ്പെട്ടതും മൊബൈല്‍ ഫോണുകള്‍ക്കും മറ്റു ഇലക്ട്രോണിക്  ഉപകരണങ്ങള്‍ക്കും അടിമപ്പെടുകയും ചെയ്ത് ഓപ്പറേഷന്‍ ഗുരുകുലം ടീമിനെ സമീപിച്ച എല്ലാ കുട്ടികള്‍ക്കും പത്താം ക്ലാസ്, പ്ലസ്‌ ടു പരീക്ഷകളില്‍  ഉജ്വല വിജയം. മുപ്പത്തിലേറെ കുട്ടികള്‍ക്കാണ്  കോട്ടയം ജില്ലാ പോലീസിന്റെ  അഭിമാനപദ്ധതിയായ ഓപ്പറേഷന്‍ ഗുരുകുലം ടീമിന്റെ  നിരന്തരമായ പ്രവര്‍ത്തന മികവിലൂടെ വിജയം സമ്മാനിച്ചത്.  


കഞ്ചാവും നൈട്രോസെപ്പാം പോലെയുള്ള ഗുളികകളും മറ്റും സ്ഥിരമായി  ഉപയോഗിച്ചിരുന്നവര്‍ ഉള്‍പ്പടെയുള്ള കുട്ടികളാണ് ഗുരുകുലം ടീമിന്റെ നിരന്തരമായ പ്രവര്‍ത്തനം മൂലം വിജയിച്ചത്.  തങ്ങളുമായി നിരന്തരം സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവരുടെ മാതാപിതാക്കളില്‍ പലരും മക്കളുടെ അക്രമ വാസനയുടെ കാരണം അന്വേഷിച്ചാണ് ഗുരുകുലം പദ്ധതിയുടെ സഹായം തേടിയത്. നഗരത്തിലെ ലഹരി സംഘങ്ങളില്‍ തങ്ങളുടെ മക്കളും പങ്കാളികള്‍ ആകാന്‍ തുടങ്ങി എന്ന തിരിച്ചറിവില്‍ ഹൃദയം തകര്‍ന്നു പോയ കുടുംബങ്ങള്‍ക്ക് ഈ വിജയം പോലീസിന്റെ സമ്മാനമാണ്. 

 
പരീക്ഷാ കാലയളവില്‍  കോട്ടയം ഡി വൈ എസ് പി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഗുരുകുലം  കൌണ്‍സലിംഗ് റൂമില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരുന്നു പഠിച്ച കുട്ടികള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്.  ഗുരുകുലം ടീമില്‍ പെട്ട  ഉദ്യോഗസ്ഥര്‍ നിരന്തരമായി ഈ കുട്ടികളെ നിരീക്ഷിക്കുകയും ബന്ധപ്പെടുകയും ആവശ്യമായ തിരുത്തല്‍ രീതികള്‍ നിര്‍ദ്ദേശിക്കുകയും ആയവ നടപ്പാകുന്നുണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.  


മൊബൈല്‍ ഫോണിനും മറ്റ് ഇലക്ട്രോണിക് ഉപകരങ്ങള്‍ക്കും അടിപ്പെട്ടു പോയവരാണ് മറ്റൊരു കൂട്ടര്‍.  ഇന്‍സ്റ്റാഗ്രാമും വാട്സ്ആപ്പും ഷെയര്‍ ചാറ്റും, ടിക്ടോക്കും മെസ്സഞ്ചറും മാത്രമാണ് ജീവിതം എന്ന് കരുതിയിരുന്ന ഇവരില്‍ പലരെയും ഇവയുടെ മായിക വലയത്തില്‍ നിന്നും പുറത്ത് കൊണ്ടുവന്ന് സാധാരണ ജീവിതത്തിലേയ്ക്ക് നയിക്കുവാന്‍ ഗുരുകുലം ടീമിനു കഴിഞ്ഞു. പുലര്‍ച്ചെ അഞ്ചുമണിവരെ  മാതാപിതാക്കള്‍ അറിയാതെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകളും കണ്ട് പഠനത്തില്‍ പിറകോട്ടു പോകുകയും മറ്റു പെരുമാറ്റ വൈകല്യങ്ങളില്‍ ചെന്നെത്തുകയും ചെയ്തിരുന്ന കുട്ടികള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പബ്ജിപോലുള്ള ഓണ്‍ലൈന്‍ ഗെയിമുകളില്‍ മുഴുവന്‍ സമയം ചിലവഴിച്ച്  ഭാവി നഷ്ടപ്പെട്ടേക്കാമായിരുന്ന കുട്ടികളുടെ കുടുംബങ്ങള്‍ക്കും ഇത് ഒരു സന്തോഷ വാര്‍ത്തയാണ്.  


മാതാപിതാക്കള്‍ തമ്മിലുള്ള കലഹങ്ങള്‍ മൂലവും  അവരുടെ വഴിവിട്ട ജീവിത രീതികള്‍  മൂലവും  പഠനത്തില്‍ പിന്നോക്കം പോയവരാണ് മറ്റു ചില  കുട്ടികള്‍. കുടുംബ പ്രശ്നങ്ങളില്‍ കാര്യമായി ഇടപെട്ട് കുട്ടികള്‍ക്ക് സ്നേഹവും മനസമാധാനവും ലഭിക്കാനുള്ള വഴികള്‍ കാണിച്ചുകൊടുത്ത് ഗുരുകുലം ടീം ഇവരെയും വിജയത്തിലേയ്ക്ക് നയിച്ചു. 


അനാവശ്യ പ്രണയ ബന്ധങ്ങളില്‍ പെട്ട് ലൈംഗിക ചൂഷണത്തിനു വിധേയരായ പെണ്‍കുട്ടികളാണ് മറ്റൊരുകൂട്ടര്‍.  തങ്ങള്‍ അകപ്പെട്ട കെണിയില്‍ നിന്നും ആഗ്രഹമുണ്ടായിട്ടും രക്ഷപെടാന്‍ സാധിക്കാതിരുന്നവര്‍ ആയിരുന്നു ഈ കുട്ടികള്‍.   ഇവരെ  ചൂഷണം ചെയ്തിരുന്നവരെ വിദഗ്ധമായി  കണ്ടെത്തി നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരികയും കുട്ടികളുടെ മനോനില സാധാരണ രീതിയില്‍ എത്തിക്കാന്‍ നിരന്തരമായ പ്രോത്സാഹനവും കൌണ്‍സിലിങ്ങും നല്‍കിയുമാണ്‌  പരീക്ഷകളില്‍ വിജയത്തിലേയ്ക്ക് നയിക്കുവാന്‍ കോട്ടയം ജില്ലാ പോലീസിന്റെ ഈ പദ്ധതിയ്ക്ക് സാധ്യമായത്.
  
കോട്ടയം ജില്ലാ പോലിസ് മേധാവി ജി ജയദേവിന്‍റെ നേതൃത്വത്തില്‍ കോട്ടയം ഡി വൈ എസ് പി ഓഫീസ് കേന്ദ്രമാക്കിയാണ് ഗുരുകുലം ടീം പ്രവര്‍ത്തിക്കുന്നത്.  കോട്ടയം ഡി വൈ എസ് പി  ആര്‍ ശ്രീകുമാര്‍ ഓപ്പറേഷണല്‍ ഹെഡ് ആയും നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി വിനോദ് പിള്ള  നോഡല്‍ ഓഫീസറും കോട്ടയം ഡി വൈ എസ് പി ഓഫീസിലെ അസിസ്റ്റന്റ്‌ സബ്‌ ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍ കെ. ആര്‍ ഗുരുകുലം കോ ഓര്‍ഡിനെറ്ററായും സബ്‌ ഇന്‍സ്പെക്ടര്‍ പ്രസാദ്‌ കെ ആര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മിനിമോള്‍ കെ. എം എന്നിവര്‍ അംഗങ്ങളായും ആണ് ഗുരുകുലം ടീം   പ്രവര്‍ത്തിക്കുന്നത്.  ഇവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ കുട്ടികളുടെ  വിജയം.  





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K