23 June, 2020 09:02:40 AM
ഭാര്യയുടെ ചിതയിൽ ചാടി മരിക്കാൻ ശ്രമിച്ച ഭർത്താവ് കിണറ്റിൽ ചാടി ജീവനൊടുക്കി
മുംബൈ: ഗർഭിണിയായ ഭാര്യ മരിച്ചതിൽ മനംനൊന്ത് യുവാവായ ഭർത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെ ചിതയിൽ ചാടി മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഭാനഗരം തലോദി ഗ്രാമത്തിലാണ് സംഭവം. ഗർഭിണിയായിരുന്ന ഭാര്യ രുചിത കഴിഞ്ഞ ദിവസം അസുഖബാധിതയായി മരിച്ചതോടെ ആകെ തകർന്ന കിഷോര്‍ എന്ന യുവാവാണ് ജീവനൊടുക്കിയത്. മാർച്ച് 19നായിരുന്നു കിഷോർ ഖാതിക് 19 കാരിയായ രുചിതയെ വിവാഹം കഴിച്ചത്.
തിങ്കളാഴ്ച രുചിതയുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ കിഷോർ കത്തുന്ന ചിതയിലേക്ക് ചാടുകയായിരുന്നു. സമീപമുണ്ടായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് ഇൻസ്പെക്ടർ പറയുന്നു. ഇതിനിടെ കിഷോറിന്റെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. സംഭവം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ശ്മശാനത്തിന് സമീപമുളള കിണറ്റിലേക്ക് കിഷോർ ചാടുകയായിരുന്നു. ബന്ധുക്കൾ ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.