15 June, 2020 05:10:27 PM
കാണാതായ ഹൈക്കമ്മീഷൻ ജീവനക്കാർ പാക് ചാരസംഘടനയായ ഐഎസ്ഐ കസ്റ്റഡിയിൽ
ദില്ലി: ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിൽനിന്ന് കാണാതായ ജീവനക്കാർ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ കാണാതായ രണ്ട് ജീവനക്കാരാണ് ഐഎസ്ഐയുടെ കസ്റ്റഡിയിലായിരിക്കുന്നത്.
സംഭവത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. ജീവനക്കാരെ കാണാതായതിനെ തുടർന്ന് പാക്കിസ്ഥാന് ഇന്ത്യ പരാതി നൽകിയിരുന്നു. താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഇരുവരും ജോലിക്കെത്താത് ശ്രദ്ധയിൽപെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
പാക്കിസ്ഥാൻ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ മെയ് 31-ന് ചാരവൃത്തി ആരോപിച്ച് ഇന്ത്യ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇസ്ലാമാബാദ് ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം ഉപദ്രവിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.