10 June, 2020 09:09:20 AM
ദുബായിൽ മരിച്ച നിതിൻ ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കൊച്ചി: ദുബായിൽ മരിച്ച നിതിൻ ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. പ്രസവത്തിനു നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്ത ദുബായിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായ പേരാമ്പ്ര സ്വദേശിനി ആതിരയുടെ ഭർത്താവാണ് നിതിൻ. ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ദിവസമാണ് നിതിൻ മരിച്ചത്.
പ്രസവത്തിന് നാട്ടിലെത്താൻ താത്പര്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയും പ്രത്യേക വിമാന സർവീസ് ആരംഭിച്ചപ്പോൾ ആതിരയ്ക്ക് അവസരം ലഭിക്കുകയുമായിരുന്നു. ആതിര ഏഴുമാസം ഗർഭിണിയായിരുന്നു. സ്വകാര്യ കമ്പനിയിൽ എന്‍ജിനിയറായ നിതിൻ സാമൂഹികസേവന രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ കുനിയിൽ രാമചന്ദ്രന്റെയും ലതയുടെയും മകനാണ് നിതിൻ.