08 June, 2020 02:49:14 PM
ചികിത്സയ്ക്ക് പണമടച്ചില്ല; വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ടു
ഭോപ്പാല്‍: ചികിത്സയ്‌ക്ക് പണമടച്ചില്ലെന്ന കാരണത്താല്‍ വയോധികന്റെ കൈയും കാലും ആശുപത്രി കിടക്കയിൽ കെട്ടിയിട്ടെന്ന് ആരോപണം. മധ്യപ്രദേശിലെ ഷജൻപുരിലാണ് സംഭവം. വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് 5000 രൂപ അടച്ചിരുന്നു. എന്നാൽ, ചികിത്സ രണ്ടുദിവസം നീണ്ടുപോയതിനാൽ പണമടയ്‌ക്കാൻ കഴിഞ്ഞില്ല.11000 രൂപ അടയ്‌ക്കാതെ വന്നതോടെയാണ് ആശുപത്രി അധികൃതർ കിടക്കയിൽ കെട്ടിയിട്ടതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
എന്നാല്‍ "ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥ' എന്ന രോഗാവസ്ഥമൂലം വയോധികന്‍ അപസ്‌മാരം ഉണ്ടായിരുന്നുവെന്നും സ്വയം ഉപദ്രവിക്കാതിരിക്കാനാണ് കൈകാലുകൾ കെട്ടിയിട്ടതെന്നുമാണ് ആശുപത്രി ജീവനക്കാർ നല്‍കുന്ന വിശദീകരണം. അതേസമയം, ആശുപത്രി അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഷജൻപുർ ജില്ലാഭരണനേതൃത്വം അന്വേഷണത്തിന് ഉത്തരവിട്ടു.