01 June, 2020 09:27:19 AM
ഫസ്റ്റ് ബെൽ മുഴങ്ങി: സംസ്ഥാനത്ത് ഓൺലൈൻ അധ്യയനത്തിന് തുടക്കം
തിരുവനന്തപുരം: പ്രവേശനോത്സവങ്ങളോ ആരവങ്ങളോ വര്‍ണക്കടലാസിനാല്‍ അലംകൃതമായ ക്ലാസ് മുറികളോ ഒന്നുമില്ലാതെ ഒരു പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശത്തോടെയാണ് അധ്യയനവർഷത്തിന് പുതിയ തുടക്കം കുറിച്ചത്. വിദ്യാർഥികൾ ക്ലാസിൽ പങ്കെടുക്കുന്നത് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ മാതൃക വിജയകരമാവട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
സ്കൂളുകൾക്കൊപ്പം കോളജുകളിലും ഓൺലൈനിൽ ക്ലാസുകൾ ആരംഭിച്ചു. കോളജിലെ ഓൺലൈൻ പഠനത്തിന് ചരിത്ര ക്ലാസെടുത്ത് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈൻ ക്ലാസിൽ പ്രായോഗികത അധ്യാപകർ നിരീക്ഷണം. കോളജ് സമയമാറ്റം പൊതു താത്പര്യം പരിഗണിച്ച് മാത്രം തീരുമാനിക്കും. ഒരു തീരുമാനവും സർക്കാർ അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് രാവിലെ 8.30 മുതല്‍ 5.30 വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. ഈ ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴിയാണു സംപ്രേഷണം ചെയ്യുന്നത്. ഇന്നു മുതല്‍ അടുത്ത എട്ടു വരെ നടക്കുന്ന സംപ്രേഷണം ട്രയല്‍ അടിസ്ഥാനത്തിലാണ്. എട്ടു മുതല്‍ 14 വരെ തീയതികളിൽ ഈ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യാനുള്ള ക്രമീകരണവും വിക്ടേഴ്സ് ചാനല്‍ ഒരുക്കിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് സംവിധാനങ്ങളോ സ്മാര്‍ട്ട് ഫോണുകളോ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു പ്രഥമാധ്യാപകര്‍ ക്രമീകരണം ഒരുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശം. ഇത് എത്രമാത്രം പ്രായോഗികമാണെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. ഓൺലൈൻ സൗകര്യമില്ലാത്തവർക്ക് പിന്നീട് ഡൗൺലോഡ് ചെയ്ത ഉള്ളടക്കം ലഭ്യമാക്കുന്ന സംവിധാനവും ഏർപ്പെടുത്തും.
സംസ്ഥാനത്തെ കോളജുകളില്‍ പുതിയ സമയക്രമം അനുസരിച്ചുള്ള രീതിയിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നത്. രാവിലെ 8.30 മുതല്‍ 1.30 വരെ ഓണ്‍ലൈനായി ആണ് ക്ലാസുകള്‍. കോളജ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ അധ്യാപകര്‍ പ്രിന്‍സിപ്പല്‍ നിശ്ചയിക്കുന്ന റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളജുകളില്‍ ഹാജരാകണം. മറ്റുള്ളവര്‍ വീടുകളിലിരുന്നു ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണമാണുള്ളത്.