24 May, 2020 07:37:49 AM
ട്രയിന്‍ കിട്ടിയില്ല: 100 കിലോമീറ്റർ നടന്ന ഗർഭിണി വഴിമധ്യേ പ്രസവിച്ചു; കുഞ്ഞ് മരിച്ചു
അംബാല: പഞ്ചാബിലെ ലുധിയാനയിൽനിന്നു ബിഹാറിലെ സ്വന്തം ഗ്രാമത്തിലേക്കു കാൽനടയായി യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളിയുടെ ഗർഭിണിയായ ഭാര്യ പ്രസവിച്ചു. നിമിഷങ്ങൾക്കകം കുഞ്ഞു മരിച്ചു. ലുധിയാനയിൽ ഫാക്ടറി തൊഴിലാളിയായ ജതിൻ റാമിന്റെ ഭാര്യ ബിന്ദിയയാണ് വഴിമധ്യേ പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. നൂറിലധികം കിലോമീറ്റർ സഞ്ചരിച്ച ഇവർക്ക് ഹരിയാനയിലെ അംബാലയിലെത്തിയപ്പോഴാണു പ്രസവവേദന തുടങ്ങിയത്.
പോലീസിന്റെ സഹായത്തോടെ ബിന്ദിയയെ ആശുപത്രിയിലെത്തിച്ചു. ഉടൻ തന്നെ ബിന്ദിയ പെണ്‍കുഞ്ഞിനു ജന്മം നൽകിയെങ്കിലും കുഞ്ഞു മരിച്ചു. സംസ്കാരം അംബാലയിൽത്തന്നെ നടത്തി. രണ്ട് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സ്പെഷൽ ട്രെയിനിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ഭാര്യയുമായി നടക്കാൻ തീരുമാനിക്കുകയായിരുന്നെന്നു ജതിൻ റാം പറഞ്ഞു