20 May, 2020 05:40:44 PM
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ 26ന് തന്നെ: വീണ്ടും നിലപാട് മാറ്റി സർക്കാർ
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു, വൊക്കേഷനൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനിടെ പല തവണ പരീക്ഷ മാറ്റിവെച്ചുവെന്നും മാറ്റിവെച്ചിട്ടില്ലെന്നുമുള്ള അറിയിപ്പുകള്‍ എത്തിയിരുന്നു. പരീക്ഷ ജൂണിലേക്ക് മാറ്റിയതായി ഇന്ന് രാവിലെയും വാർത്തകൾ പുറത്തുവന്നിരുന്നു.
പരീക്ഷാനടത്തിപ്പിന് കേന്ദ്ര സർക്കാറിന്‍റെ അനുമതി വൈകിയാണ് ലഭിച്ചത്. അതുകൊണ്ടാണ് നേരത്തെ ചില തടസങ്ങൾ നേരിട്ടതെന്നും ഇപ്പോള്‍ കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിലാണ് മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരീക്ഷ ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ മുൻകരുതലും ഗതാഗത സൗകര്യവും ഒരുക്കും.
ലോക്ഡൗണിന് മുമ്പ് പൂർത്തിയാകാതെ പോയ മൂന്നു വിഷയങ്ങളിലെ പരീക്ഷകളാണ് എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് ഇനി നടക്കാനുള്ളത്. കണ്‍ടെന്റ്‌മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുട്ടികൾക്കും പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുമെന്നും ഇക്കാര്യത്തിൽ വിദ്യാർഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേകമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹാരിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.