19 May, 2020 06:51:59 PM
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് മേഖലയിൽ പരീക്ഷ സെന്ററുകൾ ഒരുക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ട്. ഒരു ഭീതിക്കും അടിസ്ഥാനമില്ല. ക്വാറന്റൈനിലിരിക്കുന്ന വിദ്യാർഥികൾക്കു പരീക്ഷ എഴുതാൻ ആവശ്യമായ ക്രമീകരണം ഒരുക്കും. ആവശ്യക്കാർക്ക്, ബസുകൾ ഉൾപ്പെടെ ഉള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ഒരുക്കും. ബുദ്ധിമുട്ട് നേരിട്ടാൽ അവിടങ്ങളിലെ പരീക്ഷകൾ മാറ്റിവയ്ക്കേണ്ടി വരും.
എല്ലാവരും നല്ലനിലയ്ക്ക് പരീക്ഷയ്ക്ക് തയാറെടുക്കുക. നല്ലനിലയ്ക്ക് പരീക്ഷ പാസാകുക എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൾഫ് പ്രവാസി വിദ്യാർഥികൾക്ക് നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷ എഴുതാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ജൂണ്‍ 26-നാണ് നീറ്റ് പരീക്ഷ. യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ വിദേശ വിദ്യാർഥികൾക്ക് ഇന്ത്യയിൽ എത്തി പരീക്ഷ എഴുതാൻ പ്രയാസമാണ്. യുഎഇയിലും ഗൾഫ് രാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ തുറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചതായും മുഖ്യമന്ത്രി അറിയിച്ചു