11 May, 2020 03:33:32 PM
റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനം നാളെ വൈകിട്ട് ഏഴിന് പുറപ്പെടും
ദോഹ: ഞായറാഴ്ച റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനം നാളെ വൈകിട്ട് ഏഴിന് പുറപ്പെടും. പ്രാദേശിക സമയം വൈകിട്ട് 4.30 നായിരിക്കും(ഇന്ത്യന്‍ സമയം 7.00) ദോഹയില്‍ നിന്ന് പുറപ്പെടുക. അര്‍ധരാത്രി 12.45 ഓടെ യാത്രക്കാരുമായി വിമാനം തിരുവനന്തപുരം വിമാത്താവളത്തിലെത്തും. ഇക്കാര്യം ദോഹയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസത്തെ യാത്ര റദ്ദാക്കിയതെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദോഹയില്‍ നിന്നുള്ള യാത്രക്കാരുമായി ഞായറാഴ്ച രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട വിമാനമാണ് റദ്ദാക്കിയിരിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച് ഉച്ചയ്ക്ക് ഒരു മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പിന്നാലെയാണ് റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്. 182 യാത്രക്കാരാണ് ഈ വിമാനത്തില്‍ നാട്ടിലേയ്ക്ക് പുറപ്പെടാനിരുന്നത്. മടങ്ങിയെത്തുന്നവര്‍ക്കായി തിരുവനന്തപുരത്ത് എല്ലാ സൗകര്യങ്ങളും സജ്ജമായിരുന്നു.
96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷന്മാരുമാണ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. ഇതില്‍ 15 പേര്‍ ഗര്‍ഭിണികളായിരുന്നു. 60 വയസിനു മുകളിലുള്ള 25 പേരും ഉണ്ടായിരുന്നു. എല്ലാവരും യാത്രയ്ക്ക് തയാറായി നാലു മണിക്കൂര്‍ മുന്നേ വിമാനത്താവളത്തില്‍ എത്തുകയും ചെയ്തതിനു ശേഷമാണ് റദ്ദാക്കിയ അറിയിപ്പ് എത്തിയത്.