10 May, 2020 07:25:01 PM


അഞ്ച് ആശുപത്രികളിൽ നിന്ന് ഇറക്കിവിട്ടു; കണ്ണൂര്‍ സ്വദേശിനി ഓട്ടോയില്‍ പ്രസവിച്ചു



ബംഗളൂരു : കോവിഡ് പ്രശ്നം പറഞ്ഞു ആശുപത്രികള്‍ കയ്യൊഴിഞ്ഞ മലയാളി യുവതി അവസാനം ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ഈ ദുരനുഭവം. ബംഗളൂരു ഗോരേപാളയയിൽ താമസിക്കുന്ന ഇവർ പ്രസവവേദനയെത്തുടർന്നു ശനിയാഴ്ച രാത്രിയാണ് അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയിലേയ്ക്ക് പോയത്. എന്നാൽ യുവതിയെ അഡ്മിറ്റ്‌ ചെയ്യാൻ ആശുപത്രി അധികൃതര്‍ തയാറായില്ല. കോവിഡ് മൂലം പുതിയ രോഗികളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി. 


തുടർന്ന് അഞ്ച് ആശുപത്രികളിൽ കയറിയിറങ്ങിയെങ്കിലും എല്ലായിടത്തുനിന്നും ഇതേ മറുപടി തന്നെ ലഭിച്ചു. ഒടുവിൽ എന്തുചെയ്യണമെന്നറിയാതെ അടുത്ത ആശുപത്രി തപ്പി പോകും വഴി സിദ്ധാപുരയിൽ വച്ച് ഓട്ടോറിക്ഷയ്ക്കുള്ളിൽ പ്രസവിക്കുകയായിരുന്നു. ഇതറിഞ്ഞ് മലയാളി സംഘടനകള്‍ സഹായവുമായെത്തി. ഇവരുടെ നേതൃത്വത്തില്‍ ബംഗളൂരു കിംസ് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K