02 May, 2020 10:34:02 AM
മുംബൈയിൽനിന്ന് കർണാടകയിലേക്ക് മൃതദേഹവുമായി യാത്ര ചെയ്ത മൂന്ന് പേർക്ക് കോവിഡ്
ബംഗളൂരു: മുംബൈയിൽനിന്ന് കർണാടകയിലേക്ക് മൃതദേഹവുമായി യാത്ര ചെയ്ത ആറ് പേരിൽ മൂന്ന് പേർക്ക് കോവിഡ്. അമ്പത്തിയാറുകാരന്റെ മൃതദേഹവുമായി മാണ്ഡ്യയിലേക്ക് വന്നവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ ഓട്ടോ ഡ്രൈവറായിരുന്ന ആളാണ് മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹവുമായി അടുത്ത ബന്ധുക്കളാണ് ആംബുലൻസിൽ നാട്ടിലേക്ക് തിരിച്ചത്. മഹാരാഷ്ട്ര സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ഇവർ യാത്ര ചെയ്തത്.
മാണ്ഡ്യയിലെത്തി ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ആംബുലൻസിൽ എത്തിയവരെ പരിശോധനയ്ക്കു വിധേയമാക്കി. ഇതിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. എന്നാൽ മരിച്ചയാളുടെ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. മാണ്ഡ്യയിലേക്കുള്ള യാത്രാമധ്യേ ഒരു സ്ത്രീയേയും മകനേയും ആംബുലൻസിൽ കൂടെക്കൂട്ടിയിരുന്നു. അതിൽ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു.
മരിച്ചയാളുടെ മകൻ സ്വകാര്യബാങ്കിലെ ജോലിക്കാരനാണ്. ഇയാളിൽനിന്നാണ് മറ്റുള്ളവർക്ക് രോഗം പകർന്നതെന്നാണ് കരുതുന്നത്. ആംബുലൻസിൽ എത്തിയ എല്ലാവരേയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. മുംബൈ ഭരണകൂടത്തിന്റെ വീഴ്ചയാണിതെന്ന് മാണ്ഡ്യ ഡപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ആറ് പേർക്ക് മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകാൻ അവർ എന്തിനാണ് അനുമതി നൽകിയത്. അതും തീവ്രരോഗബാധിത പ്രദേശത്തുനിന്നും പരിശോധനകൾ കൂടാതെ- അദ്ദേഹം കുറ്റപ്പെടുത്തി