20 April, 2020 09:54:45 AM
'രണ്ടാഴ്ചയായി കുളിക്കാത്ത ഭർത്താവ് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നു'; പരാതിയുമായി ഭാര്യ
ബെംഗളൂരു: രണ്ടാഴ്ചയിലേറെയായി കുളിക്കാൻ പോലും തയാറാകാത്ത ഭർത്താവ് നിരന്തരം ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നെന്ന പരാതിയുമായി ഭാര്യ. ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ ഭർത്താവ് കുളിച്ചിട്ടില്ലെന്നാണ് ഭാര്യ ബംഗളൂരു പൊലീസിന്റെ വനിതാ സെല്ലിൽ നൽകിയ പരാതിയിൽ പറയുന്നത്. രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ വീട്ടമ്മയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
ജയാനഗറിലെ 31 കാരിയാണ് ഭർത്താവ് കുളിക്കുന്നില്ലെന്ന പരാതി നൽകിയിരിക്കുന്നത്. സാധനങ്ങൾ വാങ്ങാൻ പണം ഇല്ലാത്തതിനെ തുടർന്ന് പലചരക്ക് വ്യാപാരിയായ ഭർത്താവ് കടയിൽ പോകാതെയായി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഇയാൾ കുളിക്കുന്നതും അവസാനിപ്പിച്ചു. പരാതിയിൽ ആരോപിക്കുന്നു. ഇതിനിടെ ലൈംഗികബന്ധത്തിനും ഇയാൾ നിരന്തരമായി നിർബന്ധിക്കുന്നുണ്ട്. തന്റെ ഒൻപതു വയസുള്ള മകളും അച്ഛനെ അനുകരിച്ച് കുളിക്കാൻ വിസമ്മതിക്കുകയാണെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
പരാതിയെ തുടർന്ന് ഭർത്താവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പൊലീസ് വ്യക്തി ശുചിത്വത്തിന്റെ പ്രധാന്യത്തെ കുറിച്ച് ക്ലാസ് നൽകിയ ശേഷം മടക്കി അയച്ചു. ലോക്ക് ഡൗൺ കാലത്ത് വനിതാ സെല്ലിൽ ലഭിച്ച നിരവധി പരാതികളിൽ ഒന്നുമാത്രമാണിത്. ഇതിനിടെ ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ വിസമ്മതിച്ച യുവതിയെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
വളരെക്കാലത്തിനു ശേഷം കുടുംബാംഗങ്ങൾ ഒന്നിച്ച് വീട്ടിൽ ഒത്തുകൂടിയത് പലതരത്തിലുള്ള സംഘർഷങ്ങൾക്ക് ടയാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. മാനസിക ശാരീരിക പീഡനം സംബന്ധിച്ച പരാതികളുടെ എണ്ണവും കൂടിയതായും പൊലീസ് പറയുന്നു. അതേസമയം ഇത് ബംഗളുരുവിലെയോ കർണാടകത്തിലെയോ മാത്രം പ്രശ്നമല്ല. ഓസ്ട്രേലിയ, യുഎസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.