17 April, 2020 08:01:01 PM
അന്താരാഷ്ട്ര മാധ്യമ നിയമ മൂട്ട് കോർട്ട് മത്സരത്തിൽ കൊച്ചി നുവാൽസ് ജേതാക്കൾ
കൊച്ചി: ലക്നോവിലെ റാം മനോഹർ ലോഹിയ ദേശീയ നിയമ സർവകലാശാലയും സുപ്രീം കോർട്ട് കേസ്സ് ഓൺലൈനും ചേർന്നു നടത്തിയ അന്താരാഷ്ട്ര മാധ്യമ നിയമ മൂട്ട് കോർട്ട് മത്സരത്തിൽ കൊച്ചിയിലെ ദേശീയ നിയമ സർവകലാശാല ആയ നുവാൽസ് ഒന്നാം സ്ഥാനവും മുംബൈയിലെ എൻ.എം.ഐ.എം.എസ്. ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം സ്ഥാനവും നേടി.
നാലാം വർഷ വിദ്യാർത്ഥികളായ അഭിനവ് മാത്തൂർ, പങ്കജ് കുമാർ ശുക്ല എന്നിവരും മൂന്നാം വർഷ വിദ്യാർത്ഥിനി പത്മാവതി പ്രസാദുമാണ് 70 ടീമുകൾ പങ്കെടുത്ത ഈ മത്സരത്തിൽ നുവാൽസിനെ പ്രതിനിധീകരിച്ചത്. അലഹബാദ് ഹൈകോടതി ജഡ്ജി അശോക് മാത്തൂരിന്റെയും ആരതി മാത്തൂരിന്റെയും മകനും മുൻ കൽക്കട്ട ഹൈകോടതി ജഡ്ജി ജെ കെ മാത്തൂരിന്റെ പൗത്രനുമാണ് അഭിനവ്.
ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലെ അഭിഭാഷകനായ ലക്ഷ്മി ശങ്കർ ശുക്ലയുടെയും മീര ശുക്ലയുടെയും പുത്രനാണ് പങ്കജ്. ചെന്നൈയിലെ ബിസിനസ് കൺസൾറ്റൻറ് ആയ എ.എസ് . പ്രസാദിന്റെയും ലക്ഷ്മി പ്രസാദിന്റേയും മകളാണ് പത്മാവതി . ഈ വിജയത്തോടു കൂടി അക്കാഡമിക് വർഷത്തിലെ ഏറ്റവും മികച്ച മൂട്ട് കോർട്ട് മത്സര വിജയികളായി നുവാൽസിലെ വിദ്യാർത്ഥികൾ മാറി എന്ന് വൈസ് ചാൻസലർ പ്രൊഫ (ഡോ.) കെ.സി. സണ്ണി അഭിപ്രായപ്പെട്ടു.