09 April, 2020 09:31:44 AM
ആമസോണിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയിലും കോവിഡ്; 15കാരനു രോഗം സ്ഥിരീകരിച്ചു
ബ്രസീലിയ: കോവിഡ് ബാധ തെക്കേ അമേരിക്കയിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയിലും. ആമസോണിലെ യാനോമമി ഗോത്രവിഭാഗത്തിലെ 15 വയസുകാരനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബോവ വിസ്റ്റയിലുള്ള ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മൂന്നു ആമസോണ്‍ സ്റ്റേറ്റുകളായി ഇതുവരെ ഏഴു ഗോത്രവിഭാഗക്കാര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബ്രസീല്‍-വെനസ്വേല അതിര്‍ത്തിയിലുള്ള ആമസോണ്‍ വനത്തില്‍ ജീവിക്കുന്ന ഗോത്രവര്‍ഗമാണ് യാനോമമി. കണക്കുപ്രകാരം ഇവരുടെ ജനസംഖ്യ 36,000 താഴെ മാത്രമാണ്. കുറഞ്ഞ അംഗസഖ്യ മാത്രമുള്ള ഗോത്രവിഭാഗങ്ങളില്‍ കോവിഡ് പടരുന്നത് ആശങ്കാജനകമാണ്. രോഗബാധ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചില ഗോത്രവംശങ്ങള്‍ തന്നെ ഇല്ലാതായേക്കുമെന്നാണ് മുന്നറിയിപ്പ്.