06 April, 2020 05:36:46 PM
അന്താരാഷ്ട്ര പരിസ്ഥിതി മൂട്ട് കോർട്ട് മത്സരം: കൊച്ചി നുവാൽസ് വിജയികൾ
കൊച്ചി: അമേരിക്കയിൽ സ്റ്റെറ്റ്സൺ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 5 നു നടന്ന 24 -ാമത് സ്റ്റെറ്റ്സൺ അന്താരാഷ്ട്ര പരിസ്ഥിതി മൂട്ട് കോർട്ട് മത്സരത്തിൽ കൊച്ചിയിലെ ദേശിയ നിയമ സർവകലാശാല ആയ നുവാൽസ് ഒന്നാം സ്ഥാനവും ഏറ്റവും നല്ല പത്രികയ്ക്കുള്ള അവാർഡും നേടി. നുവാൽസിലെ അവസാന വർഷ വിദ്യാർത്ഥിനി ആയ ശിൽപ്പ പ്രസാദ് ഏറ്റവും നല്ല രണ്ടാമത്തെ അഭിഭാഷകയ്ക്കുള്ള സമ്മാനവും നേടി. അവസാന വർഷ വിദ്യാർത്ഥി ആയ പ്രണവ് വല്യത്താൻ, മൂന്നാം വർഷ വിദ്യാർത്ഥിനി അഷ്ണ ദേവപ്രസാദ് എന്നിവരാണ് മറ്റു ടീം അംഗങ്ങൾ.
ലോകമെങ്ങും കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ ഈ വർഷം ഫൈനൽ മത്സരം ഓൺലൈനായാണ് നടത്തിയത്. ജനുവരി മാസത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന 14 മത്സരങ്ങളിൽ നിന്നു റീജിയണൽ റൌണ്ട് മുഖേന തിരഞ്ഞെടുക്കപ്പെട്ട 27 ടീമുകൾ പങ്കെടുത്ത പ്രാഥമിക മത്സരത്തിൽ നിന്നും അമേരിക്ക, തായ്‌വാൻ , സിംഗപ്പൂർ, ഫിലിപ്പൈൻസ്, അയർലാൻഡ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ആണ് ക്വാട്ടർ ഫൈനലിൽ എത്തിയത്. നുവാൽസിനെ കൂടാതെ ഫിലിപ്പൈൻസ് യൂണിവേഴ്‍സിറ്റി , നാഷണൽ തായ്‌വാൻ യൂണിവേഴ്‍സിറ്റി, ഭോപ്പാലിലെ നാഷണൽ ലോ യൂണിവേഴ്‍സിറ്റി എന്നിവയാണ് വിവിധ സമ്മങ്ങൾ നേടിയവർ.
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്‍ററിന്‍റെ സ്ഥാപക ഡയറക്റ്റർ ആയ ഡോ. എം എസ് വല്യത്താന്‍റെ പൗത്രനും ഡോ സുരേഷ് പിള്ള, ഡോ മന്നാ വല്യത്താൻ ദമ്പതികളുടെ മകനുമാണ് പ്രണവ്. ബാഗ്ലൂരിൽ എൻജിനിയറായ എം എസ് കൃഷ്ണ പ്രസാദിന്‍റെയും ഉഷാ പ്രസാദിന്‍റെയും മകളാണ് ശിൽപ്പ. ഡോ എസ് ദേവപ്രസാദിന്‍റെയും ഡോ കെ എൻ ഉഷ പിള്ളയുടെയും മകളാണ് അഷ്ണ. കഴിഞ്ഞ വർഷം നടന്ന സ്റ്റെറ്റ്സൺ അന്താരാഷ്ട്ര പരിസ്ഥിതി മൂട് കോർട്ട് മത്സരത്തിൽ റണ്ണേഴ്സ് അപ്പ് ആയിരുന്നു നുവാൽസ്.