28 March, 2020 09:24:55 AM
കൊറോണയെ പിടിച്ചുകെട്ടാൻ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജക പാക്കേജുമായി അമേരിക്ക
വാഷിംഗ്ടൺ: കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് അമേരിക്ക. രണ്ട് ട്രില്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് ആണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. സെനറ്റിലെ രണ്ടു ദിവസത്തെ ചർച്ചകൾക്കു ശേഷം ബില്ല് പാസായി. കൊറോണ വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അമേരിക്കയിലെ തൊഴിലില്ലായ്മ 3.3 ദശലക്ഷമായി കുതിച്ചുയർന്നിരുന്നു.
മുൻപ് പ്രഖ്യാപിച്ച ഏതൊരു ഉത്തേജകപാക്കേജുകളേക്കാൾ ഇരട്ടിയിലധികം ബൃഹത്താണിതെന്ന് ട്രംപ് പറഞ്ഞു. ഇത് നമ്മുടെ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും ബിസിനസുകൾക്കും അടിയന്തരമായി ലഭിക്കേണ്ട ആശ്വാസം നൽകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആവശ്യമായ വെന്റിലേറ്ററുകൾ നിർമിക്കാൻ ജനറൽ മോട്ടോഴ്സിന് (ജിഎം) നിർദേശം നൽകുമെന്ന് ട്രംപ് പറഞ്ഞു.
വെള്ളിയാഴ്ച ശബ്ദവോട്ടോടെയാണ് ഡമോക്രറ്റുകളും റിപ്പബ്ലിക്കൻസും മൂന്നു മണിക്കൂർ ചർച്ചകൾക്കു ശേഷം പാക്കേജിന് അംഗീകാരം നൽകിയത്. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിമൂലം അമേരിക്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചരിത്രപരവും സാമ്പത്തികവുമായ അടിയന്തരാവസ്ഥ അഭിമുഖീകരിക്കുകയാണെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു.
വാർഷിക വരുമാനം 75,000 ഡോളറിൽ താഴെയുള്ള ഓരോ അമേരിക്കക്കാരനും 1,200 ഡോളറും ഓരോ കുട്ടിയുടെ മാതാപിതാക്കൾക്കും 500 ഡോളറും പാക്കേജിന്റെ ഭാഗമായി ലഭിക്കും. സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് പണം നൽകുകയും തൊഴിലില്ലായ്മ ആനുകൂല്യം നൽകുന്ന പദ്ധതികൾക്ക് ആക്കം കൂട്ടുകയും ചെയ്യും. ബിസിനസ് നഷ്ടപ്പെടുന്ന കമ്പനികൾക്ക് വായ്പയും നികുതിയിളവും ബിൽ വാഗ്ദാനം ചെയ്യുന്നു. പ്രതിരോധം, ശാസ്ത്രഗവേഷണം തുടങ്ങിയവയ്ക്കായി യുഎസ് സർക്കാർ ചെലവഴിക്കുന്നതിനേക്കാൾ കൂടുതലാണ് പാക്കേജിനായി നീക്കിവച്ചിരിക്കുന്നത്.