19 February, 2020 12:57:29 PM


മക് ഡൊണൾഡ്സിൽ നിന്നു വാങ്ങിയ ബർഗറിനുള്ളിൽ ചെറിയ ഇരുമ്പ് കമ്പി



സിഡ്നി: ലോകപ്രശസ്ത ഭക്ഷ്യശൃംഖലയായ മക് ഡൊണൾഡ്സിൽ നിന്നു വാങ്ങിയ ബർഗറിനുള്ളിൽ ചെറിയ ഇരുമ്പ് കമ്പി കണ്ടെത്തിയെന്ന ആരോപണവുമായി യുവതി. ആസ്ട്രേലിയയിലെ സിഡ്നി സ്വദേശി അദ റ്റിയുപ്പയാണ് തനിക്ക് നേരിട്ട ദുരനുഭവം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. സഹോദരിയുടെ മൂന്നു വയസുകാരി മകൾക്കായാണ് മക് ഡൊണാൾഡ്സിൽ നിന്ന് ചിക്കൻ ആൻഡ് ചീസ് ബർഗർ ഓർഡർ ചെയ്തത്.


കുട്ടിക്ക് വിശപ്പില്ലെന്ന് പറഞ്ഞതോടെ അത് താൻ കഴിക്കുകയായിരുന്നുവെന്നാണ് അദ കുറിക്കുന്നത്. ചവച്ചു തുടങ്ങിയപ്പോൾ ശക്തമായി എന്തിലോ കടിച്ചു. നന്നായി വേദനിക്കുകയും ചെയ്തു. പുറത്തെടുത്തപ്പോൾ ഗ്ലാസ് കഷണമാണെന്നാണ് കരുതിയത്. പല്ല് ഒടിഞ്ഞുവെന്ന് തന്നെ വിചാരിച്ചുവെന്നും ഇവർ കുറിച്ചു. ബർഗറിൽ നിന്ന് കിട്ടിയ ഇരുമ്പ് കമ്പിയുടെ ചിത്രങ്ങൾ സഹിതം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.


ഉടൻ തന്നെ മക് ഡൊണാൾഡ്സിലെത്തി മാനോജറോട് സംഭവം വിവരിച്ചു. ഖേദം പ്രകടിപ്പിച്ച അവർ തന്‍റെ പണം തിരികെ നൽകിയെന്നും പകരം ബർഗർ നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ നിരാശ അറിയിച്ച മക് ഡൊണാൾഡ്സ് പ്രതിനിധികൾ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 'ഭക്ഷ്യസുരക്ഷ അതീവ ഗൗരവമായാണ് കമ്പനി കാണുന്നത്. അതുകൊണ്ട് തന്നെ കര്‍ശന നടപടിക്രമങ്ങൾ ഇക്കാര്യത്തിൽ പാലിക്കാറുണ്ട്'എന്നാണ് കമ്പനി വക്താക്കളുടെ പ്രതികരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K