20 January, 2020 06:35:32 PM


ജൂബിലി നിറവില്‍ കാരുണ്യത്തിന്‍റെ പാത തെളിച്ച് മാന്നാനം കെ.ഈ.സ്കൂള്‍



കോട്ടയം: കാരുണ്യത്തിന്‍റെ പാത വെട്ടിതെളിച്ച് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മുപ്പതാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. പേള്‍ ജൂബിലി വര്‍ഷാചരണത്തിന്‍റെ ഭാഗമായി നിര്‍ദ്ധനരായ മൂന്ന് കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ ഇടം ഒരുക്കി മാതൃകയാകുകയാണ് ഈ വിദ്യാലയം. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടപ്പാക്കിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തത്.


ഒമ്പത് വര്‍ഷം മുമ്പാണ് ഫാ.ജയിംസ് മുല്ലശ്ശേരി സ്കൂളിന്‍റെ പ്രിന്‍സിപ്പലായി ചാര്‍ജെടുക്കുന്നത്. അന്ന് മുതല്‍ സ്കൂളിന്‍റെ വളര്‍ച്ച എല്ലാ തരത്തിലും കേരളം ശ്രദ്ധിക്കുന്ന രീതിയിലേക്ക് മാറി. പഠനത്തിലും മത്സരപരീക്ഷകളിലും ഇവിടെനിന്നുള്ള കുട്ടികള്‍ ദേശീയതലത്തില്‍ തന്നെ മികവ് പ്രകടിപ്പിച്ചതോടൊപ്പം കാരുണ്യപ്രവര്‍ത്തനങ്ങളുമായി അച്ചന്‍ നാട്ടുകാരിലേക്ക് ഇറങ്ങിചെല്ലുകയായിരുന്നു.


സ്കൂള്‍ 30-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന നിറച്ചാര്‍ത്ത് വാര്‍ഷികാഘോഷ പരിപാടിയില്‍ 25 ലക്ഷം രൂപയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. രണ്ട് പേര്‍ക്ക് വീട് വെയ്ക്കാന്‍ പത്ത് ലക്ഷം രൂപാ വീതവും ഒരു കുടുംബത്തിന് വീടിന്‍റെ തറ കെട്ടാന്‍ രണ്ട് ലക്ഷം രൂപയും നല്‍കി. അന്ധനായ പരിപ്പ് പ്ലാക്കുഴിപറമ്പില്‍ വി.ഷാജിയ്ക്ക് ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് മുഖേനയും മാന്നാനം മണിമലപ്പറമ്പില്‍ വിജി നാഗേഷിന് മാന്നാനം ജനസഭ മുഖാന്തിരവും പത്ത് ലക്ഷം രൂപയുടെ ചെക്കുകള്‍ ഹൈക്കോടതി മുന്‍ ജഡ്ജി കെ.നാരായണ കുറുപ്പ് വിതരണം ചെയ്തു.


അമലഗിരി കിഴക്കേകുറ്റ് ഏലിയാമ്മയുടെ വീടിന്‍റെ തറ കെട്ടുവാന്‍ രണ്ട് ലക്ഷം രൂപാ നല്‍കിയപ്പോള്‍ മാന്നാനം ജനസഭയ്ക്ക് കടലാസ് - തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുവാന്‍ മൂന്ന് ലക്ഷം രൂപയും കൈമാറി. ഇതിന് പുറമെയാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആറ് വീടുകളുടെ പണി പൂര്‍ത്തീകരിച്ച് നല്‍കുവാന്‍ സ്കൂളിന് സാധിച്ചത്. ഒപ്പം മൂന്ന് വീടുകള്‍ക്ക് തറ പണിയാനുള്ള ധനസഹായവും എത്തിച്ചു.


നിര്‍ദ്ദനരായ രോഗികള്‍ക്കും സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്കും നേരെയും കെ.ഈ.സ്കൂളിന്‍റെ സഹായഹസ്തം നീളുന്നു. നിര്‍ദ്ദനരായ രോഗികള്‍ക്ക് വേണ്ടി ഒരു ആംബുലന്‍സ് അമലഗിരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുനര്‍ജനി ചാരിറ്റബിള്‍ ട്രസ്റ്റിന് സ്കൂള്‍ നല്‍കിയിരുന്നു. കിണറുകളും കുളവും വറ്റി കുടിക്കാന്‍ തരി വെള്ളമില്ലാതെ നാട്ടുകാര്‍ വലഞ്ഞപ്പോള്‍ അവര്‍ക്ക് കൈതാങ്ങുമായി സ്‌കൂള്‍ രംഗത്തുണ്ടായിരുന്നു. എറണാകുളത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ആരംഭിച്ച കുടിവെള്ള പദ്ധതി വളരെ നേരത്തെ തന്നെ ഇവിടെ കോട്ടയത്ത് മാന്നാനം കെ.ഈ സ്‌കൂളില്‍ നടപ്പാക്കിയിരുന്നു.


വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാന്‍ വില കൊടുത്ത് വാങ്ങിയ വെള്ളം നാട്ടുകാര്‍ക്ക് കൂടി പകുത്തു നല്‍കിയായിരുന്നു സ്‌കൂള്‍ മാതൃകയായത്. സ്‌കൂള്‍ വളപ്പിന് വെളിയില്‍ നിന്നും വെളളം എടുക്കത്തക്കവിധം പ്രത്യേകം ജലസംഭരണിയും ടാപ്പും ഫില്‍റ്ററും ഘടിപ്പിച്ചു.  ക്ലാസ് മുറികളില്‍ മാത്രം ഒതുങ്ങാതെ കുട്ടികളെ കരുണയുടെ പാഠങ്ങള്‍ കൂടി പഠിപ്പിച്ച് ഉത്തമപൗരന്മാരാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ അങ്കണം വേദിയാക്കി മാറ്റുന്നത്.


നിറച്ചാര്‍ത്ത് 2020


നിറച്ചാര്‍ത്ത് വാര്‍ഷികാഘോഷങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലാപരിപാടികള്‍ ചലച്ചിത്ര താരങ്ങളായ സൈജു കുറുപ്പ്, ജോണി ആന്‍റണി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷങ്ങള്‍ ജസ്റ്റിസ് കെ.നാരായണ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഫാ.സെബാസ്റ്റ്യന്‍ ചാമത്തറയുടെ അധ്യക്ഷതയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഫാ.സേവ്യര്‍ അമ്പാട്ട് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശേരി, ബ്രില്യന്‍റ് ഡയറക്ടര്‍ ജോര്‍ജ് തോമസ് പി, ജില്ലാ പഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം സൌമ്യ വാസുദേവന്‍, പിടിഎ പ്രസിഡന്‍റ് ജോമി മാത്യു, വൈസ് പ്രിന്‍സിപ്പാള്‍മാരായ ഷാജി ജോര്‍ജ്, ഫാ.ചാള്‍സ് മുണ്ടകത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K