18 January, 2020 07:27:09 PM
വാർഷികാഘോഷവേളയിൽ റാങ്കിന്‍റെ ഇരട്ടി മധുരവുമായി മാന്നാനം കെ.ഈ. സ്കൂൾ
കോട്ടയം: മാന്നാനം കെ.ഈ ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഏറെ പ്രത്യേകതകൾ നിറഞ്ഞ ദിനമായിരുന്നു ഇന്നലെ. സ്കൂൾ ആരംഭിച്ച് മൂന്ന് ദശാബ്ദം തികയുന്നതിന്റെ ആഘോഷങ്ങൾക്കു തുടക്കമിടുന്നതിന് നിമിഷങ്ങൾ മുമ്പാണ് ജെ ഈ ഈ (ജോയിന്‍റ് എന്‍ട്രന്‍സ് എക്സാം) മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നത്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കിയ കുട്ടികളിൽ രണ്ടാമനായി കെ.ഈ സ്കൂളിലെ ആദിത്യ ബൈജു എത്തിയെന്ന വാർത്ത ആഘോഷങ്ങൾക്ക് ഇരട്ടി മധുരമായി.
മലപ്പുറം എടരിക്കോട് കെഎസ്ഈബി അസി എക്സിക്യൂട്ടീവ് എഞ്ചിനീയറായ കൊല്ലം ഡീസൻറ് മുക്കിൽ ആർ ബൈജുവിന്‍റെയും കൊല്ലം അമര്‍ദീപ് ഐ ഹോസ്പിറ്റലിലെ ഡോ.നിഷാ പിള്ളയുടെയും മൂത്ത മകനായ ആദിത്യ 99.9433975 ശതമാനം മാർക്കോടെയാണ് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയത്. ബോർഡിംഗിൽ നിന്നു പഠിക്കുന്ന ആദിത്യയോടൊപ്പം കെ .ഈ സ്കൂളിൽ നിന്നും 19 കുട്ടികൾ കൂടി 99 ശതമാനത്തിന് മേൽ സ്കോർ നേടി സംസ്ഥാനത്ത് ഉയർന്ന റാങ്കുകളിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കെ.ഇ. സ്കൂളിലെ വിഷ്ണു വിനോദിന് ജെഈഈ മെയിന്‍ പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. 99.98 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയാണ് വിഷ്ണു ഈ നേട്ടം കൈവരിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് ഗ്രാമീണാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിനെ തേടിയെത്തി. ജെഈഈ അഡ്വാന്‍സ്ഡ് പരീക്ഷയിലും സംസ്ഥാന സര്‍ക്കാര്‍ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയിലും കേരളത്തില്‍ തന്നെ ഏറ്റവും നല്ല വിജയമാണ് കെ.ഈ സ്കൂളിലെ കുട്ടികള് കാഴ്ചവെച്ചുവരുന്നത്.
ജെഈഈ പരീക്ഷയില്‍ മാത്രമല്ല കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുതകുന്ന പരീക്ഷകള്‍ക്കെല്ലാം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു എന്നതാണ് കെ.ഈ.സ്കൂളിന്‍റെ അടുത്ത കാലത്തെ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാനാവുക. പ്രിൻസിപ്പാൾ ഫാ.ജയിംസ് മുല്ലശ്ശേരിയുടെ നേതൃത്വത്തിൽ പഠനത്തോടൊപ്പം നൽകുന്ന പ്രത്യേക പരിശീലനമാണ് കുട്ടികളുടെ ഈ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.