15 January, 2020 02:52:47 PM


സം​സ്ഥാ​ന​ത്ത് ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല സ്ഥാ​പി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം



തിരുവനന്തപുരം:  തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് - കേരളയെ (ഐ.ഐ.ഐ.ടി.എം.കെ) ഡിജിറ്റല്‍ സര്‍വ്വകലാശാലയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും നിശ്ചയിച്ചു. 'ദി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍റ് ടെക്നോളജി' എന്ന പേരിലായിരിക്കും പുതിയ സര്‍വ്വകലാശാല.


ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വ്യവസായവും ഡിജിറ്റല്‍ സാങ്കേതികവിദ്യയും വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഡിജിറ്റല്‍ സര്‍വ്വകലാശാലയുടെ രൂപീകരണം.  ഡിജിറ്റല്‍ ടെക്നോളജി എന്ന വിശാല മണ്ഡലത്തില്‍ നൂതന ഗവേഷണവും സംരംഭകത്വവും വളര്‍ത്തുന്നതിനും വ്യവസായ-വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചാണ് സര്‍വ്വകലാശാല രൂപീകരിക്കുന്നത്. ഗുണനിലവാരമുള്ള മാനവശക്തി വികസിപ്പിക്കാന്‍ ഇത് പ്രയോജനപ്പെടും.


ഡിജിറ്റല്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡാറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിന്‍, കോഗ് നിറ്റീവ് സയന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ഓഗ് മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകള്‍ക്ക് ഡിജിറ്റല്‍ സര്‍വ്വകലാശാല ഊന്നല്‍ നല്‍കും. ഡിജിറ്റല്‍ മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍വ്വകലാശാലയ്ക്കു കീഴില്‍ അഞ്ച് സ്കൂളുകള്‍ സ്ഥാപിക്കും. സ്കൂള്‍ ഓഫ് കമ്പ്യൂട്ടിംഗ്, സ്കൂള്‍ ഓഫ് ഇലക്ട്രോണിക്സ് ഡിസൈന്‍ ആന്‍റ് ഓട്ടോമേഷന്‍, സ്കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ബയോ സയന്‍സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് എന്നിവയാണ് അഞ്ച് സ്കൂളുകള്‍.


ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും നിര്‍ദിഷ്ട സര്‍വ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവില്‍ ഗവേഷണ കേന്ദ്രങ്ങളില്ലാത്ത കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സര്‍വ്വകലാശാല മുതല്‍ക്കൂട്ടായിരിക്കും.


വിദ്യാഭ്യാസം, ഗവേഷണം എന്നിവയില്‍ മികവ് പുലര്‍ത്തുന്നതിന് വ്യവസായങ്ങളുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കാനും അക്കാദമിക് രംഗത്ത് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിക്കാനും പുതിയ സര്‍വ്വകലാശാല ലക്ഷ്യം വെയ്ക്കുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K