12 December, 2019 04:05:30 PM
ഇവള്‍ 'നാഗരികത': പൗരത്വ ബില്‍ അവതരിപ്പിച്ച ദിവസം ജനിച്ച കുഞ്ഞിന് അവര്‍ പേര് നല്‍കി
ഡല്‍ഹി: ഹിന്ദിയില്‍ നാഗരികത എന്നാല്‍ മലയാളത്തില്‍ പൗരത്വം എന്നാണര്‍ത്ഥം. ഏഴുവര്‍ഷം മുന്‍പ് പാക്കിസ്ഥാനില്‍നിന്നെത്തിയ കുടുംബത്തില്‍ ഇന്നലെ ജനിച്ച കുഞ്ഞിനവരിട്ട പേരാണ് 'നാഗരികത'.
700 അംഗങ്ങളുള്ള 140 കുടുംബങ്ങള്‍ താമസിക്കുന്ന ഡല്‍ഹിയിലെ 'മജ്‌നു കാ ടില' ( Majnu ka Tila) എന്ന ചേരിയിലാകെ , രാജ്യസഭയില്‍ പൗരത്വ ഭേദഗതിബില്‍ അവതരിച്ചപ്പോള്‍ ദീപാവലി/ ഹോളി ആഘോഷങ്ങളുടെ പ്രതീതിയായിരുന്നു.
അതിന്‍റെ ഭാഗമായാണ് നവജാതശിശുവിന് അവര്‍ നാഗരികത എന്ന പേര് നല്‍കിയത്. ഇന്നലെ രാവിലെമുതല്‍ ആബാലവൃന്ദം ഇന്ത്യന്‍ ദേശീയപതാകയുമായി തെരുവില്‍ ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു.
'ഞങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ശരണാര്‍ത്ഥികളല്ലാതെ ഇന്ത്യന്‍ പൗരത്വത്തോടെ ജീവിക്കാനും തൊഴില്‍ നേടാനും ഭൂമി വാങ്ങാനും വിവാഹബന്ധങ്ങള്‍ക്കും ഇനി തടസ്സമില്ല.'
'പാക്കിസ്ഥാന്‍ മണ്ണിലേക്കിനി തിരിച്ചുപോക്കില്ല. പൗരത്വ ബില്‍ അവതരിപ്പിച്ച ഈ ദിവസം ഞങ്ങള്‍ക്ക വിസ്മരണീയമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഒറ്റക്കെട്ടായി എന്‍റെ കൊച്ചുമകള്‍ക്ക് 'നാഗരികത' എന്ന പേര്‍
നല്‍കിയതെന്ന് പെണ്‍കുഞ്ഞിന്‍റെ മുത്തച്ഛന്‍ സുഖനന്ദ് പറഞ്ഞു.
പാക്കിസ്ഥാനിലെ പീഡനങ്ങളുടെയും യാതനകളുടെയും കഥകളാണ് ഇവര്‍ക്ക് പറയാനുള്ളത്. കൃഷിസ്ഥല ങ്ങളും വീടുമെല്ലാംഇട്ടെറിഞ്ഞാണ് അവര്‍ കൂട്ടത്തോടെ പല ഗ്രൂപ്പുകളായി തീര്‍ത്ഥാടനവിസയില്‍ ഇന്ത്യയി ലേക്ക് രക്ഷപെട്ടത്.
മുസ്‌ലിം ബാഹുല്യമുള്ള ഏരിയയില്‍ താമസിച്ചിരുന്ന തങ്ങള്‍ക്ക് ഹിന്ദുക്കളെന്ന പേരില്‍ പലവിധ യാതനകളും നേരിടേണ്ടിവന്നതായും മറ്റു ഗത്യന്തരമില്ലാതെയാണ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഹൈദരാബാദില്‍ നിന്ന് തങ്ങള്‍ പലായനം ചെയ്തതെന്നും അവര്‍ പറഞ്ഞു.
'മജ്‌നു കാ ടില' ചേരിയിലെ ജീവിതം ദുഷ്‌കരമാണ്. വൈദ്യുതിയും വെള്ളവുമില്ല, കെട്ടിയടച്ച വീടുകള്‍ കുറവ്, പ്ലാസ്റ്റിക്കും ടിന്നുകളുമാണ് ഭൂരിഭാഗം വീടുകളുടെയും മേല്‍ക്കൂര. വൃത്തിഹീനമായ ഏതാനും ശൗചാലയങ്ങളാണ് ഇവര്‍ പൊതുവായി ഉപയോഗിക്കുന്നത്.
മഴക്കാലത്ത് യമുനാ നദിയിലെ വെള്ളവും വേനല്‍ക്കാലത്ത് പാമ്പുകളുമാണ് ഇവര്‍ക്ക് ഭീഷണി. കൂലിപ്പണിക്കാരാണ് ഇവരില്‍ ഭൂരിഭാഗവും. പൗരത്വ മില്ലാത്തതിന്‍റെ പേരില്‍ തൊഴിലുറപ്പു പണിപോലും ഇവര്‍ക്ക് ലഭിക്കാറില്ല.
'ജീവിക്കാനനുവദിച്ചില്ലെങ്കില്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ ഇന്ത്യയിലല്ലാതെ മറ്റെവിടെപ്പോകും ? അഭയം തരാന്‍ ഞങ്ങള്‍ക്ക് ഇന്ത്യ മാത്രമാണുള്ളത്. മുസ്ലീങ്ങള്‍ക്ക് ലോകത്തു ധാരാളം രാജ്യങ്ങളുണ്ട്. ആ രാജ്യങ്ങളില്‍ എവിടെയും അവര്‍ക്കു പോകാം…' 'മജ്‌നു കാ ടില' ചേരിയിലെ മുഖ്യനായ സോനാ ദാസിന്‍റെ വാക്കുകളില്‍ പാക്കിസ്ഥാനോടുള്ള രോഷം പ്രകടമായിരുന്നു.
എന്നാല്‍ അതിശയകരമായ ഒരു വസ്തുത, സോനാ ദാസിന്റെ അനുജന്റെ മകളില്‍നിന്നുണ്ടായ അപ്രതീക്ഷിത പ്രതികരണമായിരുന്നു. 10 -)o ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ രാം പ്യാരി തന്റെ വല്യച്ഛന്റെ വാക്കുകളെ ഖണ്ഡിച്ചു കൊണ്ടു പറഞ്ഞു.
' മതപരമായ വേര്‍തിരിവ് ഈ വിഷയത്തില്‍ പാടില്ല, ഹിന്ദുക്കളെപ്പോലെ നിവര്‍ത്തി യില്ലാതെ വന്നവരാണ് മുസ്ലീങ്ങളും, ഞങ്ങള്‍ക്ക് പൗരത്വം കിട്ടുന്ന അതേ മാനദണ്ഡത്തില്‍ അവര്‍ക്കും ലഭിക്കേണ്ടതാണ് '. ഇതായിരുന്നു ആ പെണ്‍കുട്ടി പറഞ്ഞ വാക്കുകള്‍.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പല ഭാഗങ്ങളിലും പ്രതിഷധങ്ങള്‍ കത്തിജ്വലിക്കുമ്പോള്‍ 'മജ്‌നു കാ ടില' പോലുള്ള പാക്കിസ്ഥാനില്‍നിന്നെത്തിയ ഹിന്ദു അഭയാര്‍ഥികളുടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ ക്യാംപുകളില്‍ ആഹ്ലാദം അലയടിക്കുകയായിരുന്നു.