02 July, 2025 02:48:41 PM


പാർലമെന്‍റ് പുക ബോംബ് കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം



ന്യൂഡൽഹി: 2023 ഡിസംബർ 13 ന് പാർലമെന്‍റിൽ അതിക്രമിച്ചു കയറി പുകയാക്രമണം നടത്തിയ കേസിലെ 2 പ്രതികള്‍ക്ക് ജാമ്യം. നീലം ആസാദ്, മഹേഷ് കുമാവത്ത് എന്നിവർക്കാണ് ‌‌ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്, ജസ്റ്റീസ് ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.അന്വേഷണത്തെയോ വിചാരണ നടപടികളെയോ ഇരുവരും സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കേസന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ല, മുൻകൂറായി കോടതിയുടെ അനുമതിയില്ലാതെ ഡൽഹി എൻസിആറിൽ വിട്ട് പുറത്തുപോകാന്‍ പാടില്ല, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാന്‍ പാടില്ല, ഇരുവരും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10:00 മണിക്ക് അതാത് പൊലീസ് സ്റ്റേഷനുകളിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

2001ലെ പാർലമെന്‍റ് ഭീകരാക്രമണത്തിന്‍റെ 22-ാം വാർഷികമായ ഡിസംബർ 13-നായിരുന്നു സംഭവം. സാഗർ ശർമ്മ, മനോരഞ്ജൻ ഡി എന്നീ രണ്ട് പേർ ലോക്‌സഭയുടെ സന്ദർശക ഗാലറിയിൽ നിന്ന് ചാടി എന്നിവർ എംപിമാർ ഇരിക്കുന്ന ചേമ്പറിലേക്ക് കയറി, സഭയിൽ മഞ്ഞ വാതകം പുറത്തുവിടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒടുവിൽ എംപിമാർ തന്നെയാണ് അക്രമികളെ കീഴ്പ്പെടുത്തിയത്. ഇതേസമയം, പാർലമെന്‍റ് സമുച്ചയത്തിന് പുറത്ത് അമോൽ ധൻരാജ് ഷിൻഡെ, നീലം ആസാദ് എന്നിവർ സമാനമായി നിറമുള്ള വാതകം പുറത്തുവിടുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ കേസുമായി ബന്ധപ്പെട്ട് അഞ്ചാം പ്രതി ലളിത് ഝാ, ആറാം പ്രതി മഹേഷ് കുമാവത് എന്നിവരെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955