07 August, 2025 01:39:07 PM
അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞു; എൽകെജി വിദ്യാർഥിയുടെ തലക്ക് പരിക്ക്

തെലങ്കാന: അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്ന് എൽകെജി വിദ്യാർത്ഥിക്ക് പരുക്ക്. മൂന്ന് വയസ്സുള്ള അവുല ഈശ്വറിനാണ് തലയ്ക്ക് പരുക്കേറ്റത്. സൈദാബാദിലെ ഒരു സ്വകാര്യ സ്‌കൂളിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കളിക്കുന്നതിനിടെ അവുലയുടെ തലയ്ക്ക് പരുക്കേറ്റതായി സ്‌കൂളിൽ നിന്ന് മാതാപിതാക്കൾക്ക് ഫോൺ വന്നു. തുടർന്ന് മാതാപിതാക്കൾ സ്കൂളിൽ എത്തിയപ്പോൾ, അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്നാണ് പരുക്കേറ്റത് എന്ന കാര്യം സ്കൂൾ ജീവനക്കാർ മറച്ചുവെക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടി മാതാപിതാക്കളോട് സത്യം പറഞ്ഞു.
"ഒരു അധ്യാപിക ടിഫിൻ ബോക്സ് കൊണ്ട് അടിച്ചതിനെ തുടർന്ന് ഞങ്ങളുടെ കുട്ടിക്ക് പരുക്കേറ്റു. രണ്ട് കുട്ടികൾ വഴക്കിട്ടതായി പറഞ്ഞ് സ്കൂൾ മാനേജ്മെന്റ് സംഭവം ലഘൂകരിക്കാൻ ശ്രമിക്കുകയാണ്" എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.