19 July, 2025 12:56:27 PM
ഐഐടി ഹോസ്റ്റൽ മുറിയിൽ ബിടെക് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊൽക്കത്ത: ഖരഗ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഹോസ്റ്റൽ മുറിയിൽ ബിടെക് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ റിതം മൊണ്ടൽ (21) ആണ് മരിച്ചത്. കൊൽക്കത്ത സ്വദേശിയാണ്.
ഖരഗ്പൂർ ഐഐടി കാമ്പസിലെ രാജേന്ദ്ര പ്രസാദ് (ആർപി) ഹാൾ ഹോസ്റ്റൽ കെട്ടിടത്തിലെ തന്‍റെ മുറിയിലാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി അത്താഴത്തിന് ശേഷം മുറിയിലേക്ക് പോയതാണ്. പെരുമാറ്റത്തിൽ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്ന് സഹപാഠികളിൽ ഒരാൾ പറഞ്ഞു.
രാവിലെ ആവർത്തിച്ച് വാതിലിൽ മുട്ടിയിട്ടും ഒരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉച്ചയ്ക്ക് 12 മണിയോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നു. തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടത്. വിദ്യാർത്ഥിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥിയുടെ മരണം സഹപാഠികളെയാകെ ഞെട്ടിച്ചു. ജനുവരിക്ക് ശേഷം നാലാമത്തെ സംഭവമാണിത്.