02 September, 2025 12:15:51 PM
കാണാതായ ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം ഇൻസ്റ്റ റീൽസിൽ കണ്ടെത്തി ഭാര്യ, അറസ്റ്റ്

ലഖ്‌നൗ: എട്ടുവര്‍ഷമായി കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം റീലില്‍ തിരിച്ചറിഞ്ഞ് ഭാര്യ. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചെന്ന ഷീലുവിന്റെ പരാതിയില്‍ ജിതേന്ദ്രയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
2018 ല്‍ ഗര്‍ഭിണിയായ ഭാര്യ ഷീലുവിനെ ഉപേക്ഷിച്ച് പഞ്ചാബിലെ ലുധിയാനയില്‍ താമസം മാറിയ ഇയാള്‍ അവിടെ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുരാര്‍നഗര്‍ സ്വദേശിയായ ഷീലു ഇന്‍സ്റ്റാഗ്രാം വിഡിയോയില്‍ ഭര്‍ത്താവിനെ കണ്ടതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദ്രയെ കണ്ടെത്തുന്നത്.
അതേസമയം തന്റെ മകനെ കാണാനില്ലെന്ന് പറഞ്ഞ് ജിതേന്ദ്രയുടെ പിതാവ് 2018 ല്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഷീലുവിന്റെ ബന്ധുക്കളുടെ പെരുമാറ്റം ശരിയല്ലെന്ന് ജിതേന്ദ്രയുടെ കുടുംബം ആരോപിച്ചിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ രജനീകാന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലുധിയാനയില്‍ നിന്നാണ് ജിതേന്ദ്രയെ പിടികൂടിയത്. ഷീലുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.