03 September, 2025 09:33:52 AM


ഇൻഡോർ ആശുപത്രിയിൽ രണ്ട് നവജാത ശിശുക്കളെ എലി കടിച്ചു; ഒരു കുഞ്ഞ് മരിച്ചു



ഇൻഡോർ: ഐസിയുവിൽ എലിയുടെ കടിയേറ്റ നവജാത ശിശുക്കളിൽ ഒരാൾ മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം. രണ്ട് നവജാത ശിശുക്കളുടെ വിരലുകളിലും തലയിലുമാണ് എലികൾ കടിച്ചത്. കഴിഞ്ഞ ആഴ്ച ജനിച്ച രണ്ട് കുഞ്ഞുങ്ങളെയാണ് നവജാത ശിശുക്കൾക്കായുള്ള ഐസിയുവിൽ വച്ച് എലി കടിച്ചത്. തുടർന്ന് രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം. ഒരു കുഞ്ഞിന്റെ വിരലുകളിലും രണ്ടാമത്തെ കുഞ്ഞിന്റെ തലയിലും തോളിലുമാണ് എലി കടിച്ചത്. പരിക്കേറ്റ നവജാത ശിശുക്കളെ കണ്ട നഴ്സുമാരാണ് ആശുപത്രി അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ നവജാത ശിശുക്കൾക്ക് സമീപം എലികളെ കണ്ടെത്തി.

1.2 കിലോ മാത്രം ഭാരമുണ്ടായിരുന്ന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്ന കുഞ്ഞാണ് മരിച്ചത്.  5-7 ദിവസം മാത്രം പ്രായമുള്ള ഈ പെൺകുഞ്ഞിനെ അവളുടെ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചതാണെന്ന് ആശുപത്രി ഡീൻ ഡോ. അരവിന്ദ് ഘൻഗോറിയ പറഞ്ഞു. കുഞ്ഞ് മരണാസന്നയായി വെന്റിലേറ്ററിലായിരുന്നു. സെപ്റ്റിസീമിയ മൂലമാണ് കുഞ്ഞ് മരിച്ചതെന്നും എലി കടിച്ചതുകൊണ്ടല്ല മരിച്ചതെന്നും ഡോക്ടർ പറയുന്നു. രണ്ടാമത്തെ കുഞ്ഞിന് ശസ്ത്രക്രിയ കഴിഞ്ഞു, ഇപ്പോൾ വെന്റിലേറ്റർ സഹായത്തിൽ സുരക്ഷിതനാണെന്നും ഡോക്ടർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K