30 August, 2025 11:57:08 AM
ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു; യുവ കാര്‍ഡിയാക് സര്‍ജന് ദാരുണാന്ത്യം

ചെന്നൈ: 39കാരനായ കാര്‍ഡിയാക് സര്‍ജന്‍ ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. ചെന്നൈ സവിത മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ വിദഗ്ധനായ ഡോ. ഗ്രഡ്‌ലിന്‍ റോയ് ആണ് മരിച്ചത്. ആശുപത്രിയില്‍ റൗണ്ട്‌സിനിടെ ഡോക്ടര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടത് ഹൃദയധമനികളിലുണ്ടായ ബ്ലോക്കാണ് ഹൃദയാഘാതത്തിന് കാരണമായത്.
ഡോ. റോയ്‌യുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും 40 വയസിന് താഴെയുള്ള ഡോക്ടര്‍മാരില്‍ ഹൃദയാഘാതം വര്‍ധിച്ച് വരുന്ന പ്രവണത കൂടുന്നതായി ഹൈദരബാദ് കേന്ദ്രീകരിച്ചുള്ള ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ കുമാര്‍ എക്‌സില്‍ കുറിച്ചു. 12 മുതല്‍ 18 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നതും വിശ്രമക്കുറവും ഇതിന് കാരണമാകാമെന്നും ഡോ. സുധീര്‍ വ്യക്തമാക്കി.