12 December, 2019 08:39:35 AM
നീറ്റ് പരീക്ഷ: മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ആശങ്കയില്
തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിൽ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിന്റെ ആനുകൂല്യം കേരളത്തിലെ വിദ്യാർഥികൾക്കു നഷ്ടപ്പെടുമെന്ന് ആശങ്ക. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള അഖിലേന്ത്യാ പ്രവേശനത്തിലാണ് കേരളത്തിലെ മുന്നോക്കക്കാരായ വിദ്യാർഥികൾക്ക് സീറ്റ് നഷ്ടമുണ്ടാകുന്ന സാഹചര്യമുള്ളത്. തഹസീൽദാർമാരാണ് ഇതു സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഇവരാകട്ടെ വില്ലേജ് ഓഫീസർമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.
എട്ടു ലക്ഷംരൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരെയാണ് സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരായി പരിഗണിക്കുന്നത്. കൂടാതെ താമസത്തിനു നാലു സെന്റിൽ കൂടുതൽ ഭൂമി ഉണ്ടാകരുത്. കൃഷി ആവശ്യത്തിനാണെങ്കിൽ അഞ്ച് ഏക്കറിൽ താഴെ മാത്രമേ ഭൂമി ഉണ്ടാകാവൂ. ഈ മാനദണ്ഡങ്ങളെല്ലാം പാലിച്ചെങ്കിൽ മാത്രമേ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരായി പരിഗണിക്കുകയുള്ളു. ഭൂപരിഷ്കരണം നടപ്പിലാക്കിയ സംസ്ഥാനം എന്ന നിലയിൽ കേരളത്തിൽ സ്വന്തമായി വീടുള്ളവർക്കെല്ലാം നാലു സെന്റിൽ കൂടുതൽ ഭൂമി ഉണ്ടാകും. ഇക്കാരണത്താൽ വാർഷിക വരുമാനം എത്ര കുറവാണെങ്കിലും ഇവരെല്ലാം സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ നിന്നു പുറത്താകും.
കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ സാന്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ശശിധരൻ കമ്മിറ്റിയെ സംസ്ഥാന സർക്കാർ നിയമിച്ചിരുന്നു. കമ്മീഷൻ സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പിന്നോക്കാവസ്ഥ നിശ്ചയിക്കാൻ വരുമാന പരിധി മാത്രം പരിഗണിച്ചാൽ മതിയെന്നാണു കമ്മീഷന്റെ ശിപാർശ എന്നാണു മനസിലാക്കുന്നത്. ശിപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനം കൈക്കൊണ്ടെങ്കിൽ മാത്രമേ ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കു തീരുമാനമെടുക്കാൻ സാധിക്കുകയുള്ളു. ഇതുവരെ സർക്കാർ തീരുമാനം പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ സർട്ടിഫിക്കറ്റുകൾ നൽകാൻ പല വില്ലേജ് ഓഫീസർമാരും മടിക്കുകയാണ്.
കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് സംവരണാനുകൂല്യത്തിലൂടെ മെഡിക്കൽ പ്രവേശനം ലഭിക്കുന്നതിനുള്ള സാധ്യതയാണ് ഇതിലൂടെ ഇല്ലാതാകുന്നത്. ഈ മാസം 31 വരെയാണ് നീറ്റിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്. അടിയന്തരമായി സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ നിരവധി വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടും. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമാണ് ഉള്ളത്