02 April, 2016 03:47:45 PM
എന്‍.ഐ.ടി പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് 40% വേണമെന്ന നിബന്ധന ഒഴിവാക്കാന്‍ തീരുമാനം
ദില്ലി : എന്‍.ഐ.ടി പ്രവേശനത്തിന് പ്ലസ് ടൂവിന് 40 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ രാജ്യത്തെ 31 എന്‍.ഐടികളിലും പ്രവേശനം നേടുന്നതിന് ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ(ജെ.ഇ.ഇ)യില്‍ 60 ശതമാനം മാര്‍ക്കും പ്ലസ്ടുവിന് 40 ശതമാനം മാര്‍ക്കും നേടേണ്ടതുണ്ട്. ഇതില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ തീരുമാനം.
ഇനിമുതല്‍ എന്‍.ഐ.ടികള്‍, പ്രവേശനത്തിനായി ഐ.ഐ.ടികള്‍ തുടരുന്ന രീതിയാകും പിന്തുടരുക. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ (ജെ.ഇ.ഇ) നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കാണ് ഐ.ഐ.ടികളില്‍ പ്രവേശനം നടത്തുക. ഇതേരീതി അനുവര്‍ത്തിക്കാനാണ് എന്‍.ഐ.ടി കൗണ്‌സിലിന്റെ തീരുമാനം. രണ്ട് എന്‍ട്രന്‍സുകളാണ് ജെ.ഇ.ഇക്കുള്ളത്. ജെ.ഇ.ഇ മെയിന്‍, ജെ.ഇ.ഇ അഡ്വാന്‍സ് എന്നിങ്ങനെ. ഇതില്‍ ജെ.ഇ.ഇ മെയിനില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കായിരിക്കും ജെ.ഇ.ഇ അഡ്വാന്‍സ് എഴുതാന്‍ സാധിക്കുക. ഈ കടമ്പയും കടക്കുന്നവരില്‍ നിന്ന് തയ്യാറാക്കുന്ന റാങ്ക് പട്ടികയില്‍ നിന്നാണ് പ്രവേശനം നടത്തുക.
യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചത്. സമിതിയുടെ ശുപാര്‍ശകള്‍ പ്രകാരം ഈ വര്‍ഷം മുതല്‍ ഇത് നടപ്പിലാകേണ്ടതായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇതിനായി കൂടിയ എന്‍.ഐ.ടി കൗണ്‍സിലില്‍ അധ്യക്ഷയായ മന്ത്രി സ്മൃതി പരിഷ്‌കാരത്തിന് അനുമതി നല്‍കിയില്ല. പകരം അടുത്ത വര്‍ഷം മുതല്‍ പുതിയ രീതിയില്‍ പ്രവേശനം നടത്താമെന്നാണ് മന്ത്രി നിലപാടെടുത്തത്. മാത്രമല്ല എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനായി പ്ലസ്ടു സിലബസ് അനുസരിച്ച് ചോദ്യങ്ങള്‍ കൊണ്ടുവരാനും എന്‍.ഐ.ടി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.
തീരുമാനം നടപ്പിലാക്കിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. 2017ല്‍ തീരുമാനം നടപ്പിലാക്കാനാണ് മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ കൂടിയ എന്‍.ഐ.ടി കൗണ്‌സിലിന്റെ തീരുമാനം.