05 December, 2019 07:53:31 PM


വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ട യുവാവിന് ക്രൂരമായ ശിക്ഷ;​ ആര്‍ത്തുവിളിച്ച്‌ ജനക്കൂട്ടം



ജക്കാര്‍ത്ത: വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് ജനമദ്ധ്യത്തില്‍ ക്രൂരമായ ശിക്ഷ. ഇന്തോനേഷ്യയിലെ അചെഹ് പ്രവിശ്യയിലെ യുവാവിനാണ് 100 ചാട്ടവാറടി ശിക്ഷയായി ലഭിച്ചത്. വ്യാഴാഴ്ചയാണ് മുഖം മൂടി ധരിച്ചെത്തിയ ഓഫിസര്‍ ശിക്ഷ നടപ്പാക്കിയത്. വിവാഹിതനാകുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റത്തിനാണ് പള്ളിക്ക് മുന്നില്‍ വെച്ച്‌ 100 ചാട്ടവാറടി ശിക്ഷയായി നല്‍കിയത്.


യുവാവ് ബോധരഹിതനാകുന്നതു വരെ അടി തുടര്‍ന്നു. തളരുമ്പോള്‍ പ്രാഥമിക ചികിത്സ നല്‍കി വീണ്ടും ചാട്ടവാറടി തുടരുകയായിരുന്നു. അചെഹ് ശഅരിയാ കോടതിയാണ് 22കാരനായ യുവാവിനെ ശിക്ഷിച്ചത്. അതേസമയം യുവാവിനെ അടിക്കുമ്പോള്‍ കൂടിനിന്നവര്‍ 'കൂടുതല്‍ ശക്തിയോടെ' എന്ന് ആര്‍ത്തു വിളിച്ചതായി വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. അടിയേറ്റ് ബോധരഹിതനായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.


വിവാഹിതരാകുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് മുമ്പും സമാനമായ ശിക്ഷ നല്‍കിയിരുന്നു. ഭൂരിപക്ഷം മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയില്‍ ഇസ്ലാമിക നിയമപ്രകാരം ഭരിക്കുന്ന പ്രവിശ്യയാണ് അചെഹ്. മദ്യപാനം, ചൂതാട്ടം, സ്വവര്‍ഗ ലൈംഗികത തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശരി അത്ത് നിയമപ്രകാരമാണ് ശിക്ഷ. ഈ ശിക്ഷാ നടപടികള്‍ക്കെതിരെ വിവിധ അന്താരാഷ്ട്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K