24 November, 2019 12:18:19 AM
ബിജെപിയുമായി സഖ്യമുണ്ടാക്കിയ എന്‍.സി.പിയെ എല്‍.ഡി.എഫ് പുറത്താക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
തേഞ്ഞിപ്പലം: മഹാരാഷ്ട്രയില്‍ ബി.ജെ.പി - എന്‍.സി.പി സഖ്യം യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ കേരളത്തില്‍ എന്‍.സി.പിയെ എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ 74-ാമത് ചരമ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കൂടെയാണോ നില്‍ക്കുന്നതെന്ന കാര്യം ഇടതുപക്ഷം വ്യക്തമാക്കണം.
എല്ലാ സംസ്ഥാനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് , സി.ബി.ഐ എന്നിവയെ ദുരുപയോഗപ്പെടുത്തി ബി.ജെ.പി രാഷ്ട്രീയപാര്‍ട്ടി നേതാക്കന്‍മാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ട്. അതിന്‍റെ പ്രതിഫലനമാണ് മഹാരാഷ്ട്രയിലുമുണ്ടായത്. സമീപകാലത്ത് ബി.ജെ.പിയുമായി സഹകരിക്കുന്ന നയമാണ് സി.പി.എമ്മിന് കേരളത്തിലുള്ളത്. ശിവസേനയുമായി ബന്ധം പാടില്ലെന്ന് കേരള നേതൃത്വം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിച്ചിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു.