17 November, 2019 06:49:14 PM


മാന്നാനം കെ.ഈ.സ്‌കൂളില്‍ 'കീംസ് സെയ്‌സ് 2019' പ്രദര്‍ശനത്തിന് തുടക്കമായി; സമാപനം 19ന്



മാന്നാനം : കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി  'കീംസ് സെയ്‌സ് 2019' എന്ന പേരില്‍ ശാസ്ത്ര, കലാ, സാംസ്‌കാരിക പ്രദര്‍ശനത്തിനു തുടക്കമായി. സ്‌കൂള്‍ അങ്കണത്തില്‍ കെ.ഇ. സ്‌കൂളിന്‍റെ മുന്‍ പ്രിന്‍സിപ്പാളും പുന്നപ്ര കാര്‍മല്‍ പോളിടെക്‌നിക് ഡയറക്ടറുമായ ഫാ. മാത്യു അറേക്കളം ഉദ്ഘാടനം ചെയ്തു. കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജെയിംസ് മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍മാരായ ഫാ. ചാള്‍സ് മുണ്ടകത്തില്‍, ഷാജി ജോര്‍ജ്ജ്, പി.റ്റി.എ. പ്രസിഡന്‍റ് ജോമി മാത്യു, പി.ജെ.കുര്യന്‍, ലക്ഷ്മി എസ് കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.


തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണിവരെ ഏവര്‍ക്കും പ്രദര്‍ശനം സൌജന്യമായി  സന്ദര്‍ശിക്കാം. കെ.ഇ.സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടേതും പുറമെ നിന്നുള്ള സ്ഥാപനങ്ങളുടേതും ഉള്‍പ്പെടെ 40 ഓളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിനു ഒരുക്കിയിട്ടുണ്ട്. ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡില്‍ സ്ഥാനം പിടിച്ച പ്രശസ്ത ശില്പി വി.പി തോമസ്സിന്റെ 270-ല്‍ പരം ശില്പങ്ങളും കരകൗശല വസ്തുക്കളും ഈ പ്രദര്‍ശനത്തിന്റെ മാറ്റു കൂട്ടുന്നു. സംസാരിക്കുന്ന റോബോട്ടുമായി സന്ദര്‍ശകര്‍ക്ക് ആശയവിനിമയം നടത്താനും വാനനിരീക്ഷണം നടത്താനുമുള്ള സൗകര്യവുമുണ്ട്. ഉപയോഗശൂന്യമായ പാഴ് വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്നത്, ആര്‍ട്ട് ഗ്യാലറി, ഫുഡ് കോര്‍ട്ട്, സ്‌പേസ് ഷോ എന്നിവ പ്രദര്‍ശനത്തിന്റെ പ്രത്യേകതകളാണ്.



ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, സീ ഗിഫ്റ്റ്, ഗുന്‍ജ്, അസ്‌ട്രോണമി, ഫിലിം ക്ലബ്ബ്, ഡി സി ബുക്‌സ്, എം.ജി യൂണിവേഴ്‌സിറ്റി, ആര്‍ട്ട്് ഗ്യാലറി, സെയിന്റ് ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് പാത്താമുട്ടം, അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് കാഞ്ഞിരപ്പള്ളി, കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജ് പുന്നപ്ര, കെ.ഇ. കോളേജ് മാന്നാനം, ബി.കെ. കോളേജ് അമലഗിരി,  മാന്നാനം ജനസഭ, കെ.ഇ. സോഷ്യല്‍ സര്‍വ്വീസ്, സതീര്‍ത്ഥ്യ സ്‌പെഷ്യല്‍ സ്‌കൂള്‍, ഹോളി ക്രോസ് സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. 19ന് വൈകിട്ട് 4 മണിക്ക് പ്രദര്‍ശനം സമാപിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരി അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K