28 October, 2019 10:41:50 AM
ലൈംഗികാരോപണം: യു.എസ് ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലെ വനിതാ അംഗം രാജിവെച്ചു
വാഷിംഗ്ടണ്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് യു.എസ് ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലെ വനിതാ അംഗം രാജിവെച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയും 32കാരിയുമായ കാത്തി ഹില്‍ ആണ് രാജിവെച്ചത്. കാത്തി ഹില്ലിന് ഓഫീസ് സ്റ്റാഫുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് ആരോപണം ഉയര്‍ന്നത്. ഓഫീസ് സ്റ്റാഫുമായി അനുചിതബന്ധമുണ്ടെന്ന് അംഗീകരിച്ച കാത്തി, ലൈംഗിക ബന്ധമില്ലെന്ന് വ്യക്തമാക്കി.
കോണ്‍ഗ്രസ് എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാത്തി ഹില്‍ രാജി നല്‍കിയത്. രാജ്യത്തിനും സമൂഹത്തിനും പ്രതിനിധി മണ്ഡലത്തിലും തന്‍റെ രാജി ഗുണം ചെയ്യുമെന്ന് കാത്തി ഹില്‍ ട്വീറ്റ് ചെയ്തു. കാത്തി ഹില്ലും ഓഫീസ് സ്റ്റാഫും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 2018 നവംബറിലാണ് കാത്തി ഹില്‍ യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.