24 October, 2019 04:31:21 PM


എം.ജി സര്‍വകലാശാലയിലെ വിവാദ മോഡറേഷന്‍ റദ്ദാക്കി; തീരുമാനം സിന്‍ഡിക്കേറ്റ് യോഗത്തില്‍


MG university, moderation


കോട്ടയം: എം.ജി സര്‍വകലാശാലയിലെ വിവാദമായ മോഡറേഷന്‍ റദ്ദാക്കി. മോഡറേഷന്‍ വഴി വിജയിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് തിരികെ വാങ്ങും. പ്രോ വൈസ് ചാന്‍സിലർ അരവിന്ദ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. മോഡറേഷനില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്.

ബി.ടെക് അവസാന സെമസ്റ്ററിലെ ഒരു പേപ്പറിന് അഞ്ച് മാര്‍ച്ച് സ്‌പെഷ്യല്‍ മോഡറേഷന്‍ നല്‍കാനായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം. ഇതിന് മുന്നോടിയായി നടത്തിയ അദാലത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ട് മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതോടെയാണ് സംഭവം വിവാദമായത്.

കോതമംഗലത്തെ ഒരു ബി.ടെക് വിദ്യാര്‍ത്ഥിക്ക് വഴിവിട്ട സഹായം നല്‍കിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം. കോതമംഗലത്തെ വിദ്യാര്‍ത്ഥിക്ക് ബി.ടെക് വിദ്യാര്‍ത്ഥി ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയില്‍ എന്‍.എസ്.എസ് സ്‌കീമിന്റെ അധിക മാര്‍ച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു തവണ മാര്‍ക്ക് നല്‍കിയതിനാല്‍ ഇത് അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ വര്‍ഷം അദാലത്ത് നടത്തുകയും പിന്നാലെ സിന്‍ഡിക്കേറ്റ് യോഗം കൂടി മോഡറേഷന്‍ നല്‍കാനും തീരുമാനിക്കുകായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K