15 October, 2019 06:59:02 PM
വേശ്യാ പരാമര്‍ശം: ഫിറോസ് കുന്നുംപറമ്പിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഫിറോസ് കുന്നംപറമ്പിലിനെതിരെ എത്രയും വേഗം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫെയ്ന്‍ ആവശ്യപ്പെട്ടു.
ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഫിറോസ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണെന്ന് പറയുന്നു. പക്ഷേ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാള്‍ ഇത്രയും വൃത്തികെട്ട രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ല. ഇങ്ങനെയുളളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫെയ്ന്‍ അഭിപ്രായപ്പെട്ടു.
'കുടുംബത്തിലൊതുങ്ങാത്ത,വേശ്യാവൃത്തി നടത്തുന്ന, അവനവന്‍റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ' എന്നിങ്ങനെയാണ് ഫിറോസ് കുന്നംപറമ്പില്‍ സാമൂഹ്യ മാധ്യമങ്ങളിലെ ലൈവ് വീഡിയോയില്‍ സ്ത്രീയെ പരാമര്‍ശിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ 'സ്ത്രീ' എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.