04 October, 2019 06:14:14 PM


വിഷം കലർത്തിയത് ആട്ടിൻസൂപ്പിൽ; കൂടത്തായി കൂട്ട മരണത്തില്‍ അന്വേഷണം ഉറ്റബന്ധുവായ യുവതിയിലേക്ക്



കോഴിക്കോട് : കൂടത്തായി കൂട്ടമരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു. മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയിലേക്ക്  അന്വേഷണം നീളുന്നതായി സൂചന. കല്ലറകള്‍ തുറന്നു പരിശോധന നടത്തിയ ശേഷമാണ് കൊലപാതകം ആകാമെന്ന സൂചന  പോലീസ് നൽകിയത്. കൊല്ലപ്പെട്ട ആറു പേരും മരണത്തിനു തൊട്ടുമുൻപ് ആട്ടിൻസൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു. മരിച്ച റോയി തോമസിന്‍റെ ശരീരത്തിൽ സയനൈഡിന്‍റെ അംശവും കണ്ടെത്തിയിരുന്നു.



റോയി തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സമാന രീതിയിൽ മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍  ഉറ്റബന്ധുവായി യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയർന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K