02 October, 2019 09:53:13 PM
തമിഴ്‌നാടിനെ നടുക്കിയ കവര്‍ച്ച; 50 കോടിയുടെ സ്വര്‍ണം 'തുരന്നെടുത്തത്' മുഖംമൂടി ധരിച്ച കള്ളന്മാര്‍
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷ്ടിച്ചത് 50 കോടി രൂപയുടെ സ്വർണം. തിരുച്ചിറപ്പള്ളിയിലെ ചത്രം ബസ് സ്റ്റാന്റിന് സമീപത്തെ ലളിത ജ്വല്ലറിയിലാണ് നാടിനെ നടുക്കിയ കവർച്ച നടന്നത്. ബുധനാഴ്ച രാവിലെ ജീവനക്കാർ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിയുന്നത്. മുഖംമൂടി ധരിച്ച രണ്ടുപേരാണ് ജ്വല്ലറിയുടെ പിറകുവശത്തെ ചുമർ തുരന്ന് അകത്തു കയറിയത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
സ്വർണാഭരണങ്ങൾക്ക് പുറമേ കടയിലുണ്ടായിരുന്ന വജ്രങ്ങളും നഷ്ടപ്പെട്ടതായി ജീവനക്കാർ പറഞ്ഞു. മുഖംമൂടി ധരിച്ച മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജ്വല്ലറിക്ക് സമീപത്തെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് വിവരങ്ങൾ ശേഖരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.