06 September, 2019 08:32:51 PM


കനിവിന്‍റെ പാതയില്‍ വീണ്ടും മാന്നാനം കെ.ഈ.സ്കൂള്‍; ബിനുവിനും അമ്മയ്ക്കും ഓണസമ്മാനമായി വീട്



ഏറ്റൂമാനൂര്‍: കനിവിന്‍റെ പാതയില്‍ വീണ്ടും മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍. വീടില്ലാത്ത ഒരു കുടുംബത്തിന് വീട് ഓണസമ്മാനമായി നല്‍കി സ്കൂളിലെ ഓണാഘോഷത്തിന് നന്മയുടെ നിറം പകരുകയായിരുന്നു  സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി. മാന്നാനം മുകളേപ്പറമ്പില്‍ ബിനുമോന്‍ ആന്‍റണിക്കും അമ്മ മോണിക്കയ്ക്കും 1540 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മനോഹരമായി പൂര്‍ത്തിയാക്കിയ ഭവനം ഓണസമ്മാനമായി  നല്‍കിയത്.

സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സാമൂഹിക പ്രതിബദ്ധതയോടു കൂടി വളര്‍ന്ന് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള പരിശീലനമാണ് ഇങ്ങനെയുള്ള സ്‌നേഹപ്രവര്‍ത്തനങ്ങളിലൂടെ സ്‌കൂള്‍ ലക്ഷ്യമാക്കുന്നതെന്ന് ഫാ. ജെയിംസ് മുല്ലശ്ശേരി പറഞ്ഞു. നിന്‍റെ സഹേദരന് എന്തെങ്കിലും നന്മ ചെയ്യാത്ത ദിവസം നീ അത്താഴം കഴിക്കരുത് എന്ന ചാവറപ്പിതാവിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. സ്‌കുളിലെ പ്രധാന ആഘോഷങ്ങളോടൊപ്പം അര്‍ഹതയുള്ള ഒരു കുടുംബത്തിനോ, വ്യക്തിക്കോ ഒരു സഹായം നല്‍കുക എന്ന മാതൃകാപരമായ പ്രവര്‍ത്തനം വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്നു.

ഭവനത്തിന്‍റെ ആശീര്‍വ്വാദവും, താക്കോല്‍ ദാനവും തിരുവനന്തപുരം സെന്‍റ് ജോസഫ്‌സ് പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ നിര്‍വ്വഹിച്ചു. വിശുദ്ധ ചാവറയച്ചന്‍റെ ജീവിതം പകര്‍ത്തു കര്‍മ്മയോഗി എന്ന സിനിമയുടെ സംഗീത സംവിധായകന്‍ ഗിരീഷ് നാരായണനും, ഭാര്യ ലക്ഷ്മിയും വിശിഷ്ടാതിഥികളായിന്നു.  അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിസി ടോമി, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് മേരിക്കുട്ടി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി. മൈക്കിള്‍, അതിരമ്പുഴ പഞ്ചായത്ത് മെമ്പര്‍മാരായ സൗമ്യ വാസുദേവന്‍, അഡ്വ. ജെയ്‌സണ്‍ ഒഴുകയില്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാളുമാരായ ഫാ. ചാള്‍സ് മുണ്ടകത്തില്‍, ഷാജി ജോര്‍ജ്ജ്, അസി. റക്ടര്‍ ഫാ. സെബി ഷാന്‍ ചുള്ളിക്കല്‍, പി.ടി.എ. വൈസ് പ്രസിഡന്‍റ് സന്ധ്യ ജി. കുറുപ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K