31 August, 2019 08:23:06 PM
അന്തരീക്ഷത്തിലെ അപകടകാരിയായ പൊടിപടലങ്ങളുടെ തോത് 5 ജില്ലകളില്‍ പരിധിക്ക് പുറത്ത്; ഏറ്റവും കൂടുതല്‍ കൊച്ചിയില്‍
പഠനം നടത്തിയത് എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്വയണ്മെന്റല് സയന്‍സസ്...
നൈട്രജന്‍ ഓക്സൈഡ്, സള്‍ഫര്‍ ഡൈ ഓക്സൈഡുകളുടെ തോത് പരിധിക്കുള്ളില്‍...
കോട്ടയം: കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങള്‍ കൂടുതലെന്ന് പഠനം. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാര്‍ഥങ്ങളുടെ അളവ് നിശ്ചിത വാര്‍ഷിക പരിധിക്ക് മുകളിലാണെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്വയണ്മെന്റല് സയന്‍സസ് നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഒരു ക്യുബിക് മീറ്റര്‍ വായുവിലുള്ള 2.5 മൈക്രോണിന് താഴെയുള്ള കണികാപദാര്‍ഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ നിശ്ചിത വാര്‍ഷിക പരിധി രാജ്യത്ത് 40 ആണ്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന പരിധി 10 ആണ്. പൊടിപടലങ്ങളുടെ അളവ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് എറണാകുളം വൈറ്റിലയിലാണ് - 92. കോട്ടയം കെ.കെ. റോഡില്‍ ഇത് 80ഉം കണ്ണൂരില്‍ 50ഉം പാലക്കാട് കഞ്ചിക്കോട്ട്60ഉം വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ 63ഉം തിരുവനന്തപുരത്ത് 42ഉം ആണ്. കട്ടപ്പന, പത്തനംതിട്ട ജില്ലകളില്‍ ഇത് യഥാക്രമം 25, 22 എന്ന നിലയിലാണ്. വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് പൊടിപടലങ്ങള്‍ കൂടുതലാകാന്‍ കാരണം. റോഡുകളിലും മാലിന്യം കത്തിക്കുന്ന തുറസ്സായ സ്ഥലങ്ങള്‍ക്ക് സമീപവും വളരെ ഉയര്‍ന്നതോതില്‍ പൊടിപടലങ്ങളുണ്ട്. ചിലയിടങ്ങളില്‍ ചില സമയങ്ങളില്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോതിനൊപ്പം പൊടിപടലങ്ങളുടെ തോത് ഉയരുന്നുണ്ട്.
ഗ്രാമീണ മേഖലയില്‍ മലിനീകരണം കുറവാണെങ്കിലും ചില സ്ഥലങ്ങളില്‍ പരിധിയില്‍ കൂടുതലാണ്. ഇത് പ്രാദേശികമായി മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ സംഭവിക്കുന്നതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സള്‍ഫര്‍ ഡൈ ഓക്സൈഡ്, നൈട്രജന്‍ ഓക്സൈഡ് എന്നിവയുടെ അളവ് മിക്ക ജില്ലകളിലും പരിധിക്കുള്ളിലാണ്. എന്നാല്‍ കോട്ടയത്ത് കെ.കെ. റോഡിലും എറണാകുളത്ത് വൈറ്റിലയിലും തിരുവനന്തപുരത്ത് പി.എം.ജി.യിലും നടത്തിയ പഠനത്തില്‍ നൈട്രജന്‍ ഓക്സൈഡിന്റെ അളവ് നിശ്ചിത പരിധിയായ 40ലും മുകളിലാണ്. എറണാകുളത്ത് ഒരു ക്യുബിക് മീറ്റര്‍ വായുവില്‍ 65 മൈക്രോഗ്രാമാണ് നൈട്രജന്‍ ഓക്സൈഡിന്റെ തോത്. തിരുവനന്തപുരത്ത് 45 ആണ്.
വീടുകള്‍ക്കുള്ളില്‍ പൊടിപടലങ്ങള്‍ മൂലമുള്ള മലിനീകരണം പുറത്തെ അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ പതിന്മടങ്ങ് കൂടുതലാണെന്ന് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പരിസ്ഥിതി ശാസ്ത്രജ്ഞനും സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറുമായ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍ പറഞ്ഞു. വീടിനുള്ളിലെ വായു സഞ്ചാരം കുറയുന്നതും പൊടിപടലങ്ങള്‍ അടിഞ്ഞുകൂടുന്നതുമാണ് ഇതിന് കാരണം. വീടിനുള്ളില്‍ വായു സഞ്ചാരം കൂട്ടുകയും വീട് ശുചിയാക്കാന്‍ പ്രകൃതിദത്ത ഉല്പന്നങ്ങള്‍ ഉപയോഗിക്കുകയും വേണമെന്നും മാലിന്യങ്ങള്‍ കത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ വിവിധ സമയങ്ങളില്‍ ഒരു വര്‍ഷത്തോളം നിരന്തര നിരീക്ഷണം നടത്തിയാണ് മലിനീകരണ തോത് കണക്കാക്കിയതെന്ന് ഗവേഷകനായ ജോണ്‍ റിച്ചാര്‍ഡ് പറഞ്ഞു.
ആഗോളതലത്തില്‍ വായു മലിനീകരണമുള്ള ആദ്യ 30 നഗരങ്ങളില്‍ 22ഉം ഇന്ത്യയിലാണ്. ജലമലിനീകരണത്തിന്റെ പതിന്മടങ്ങ് വേഗത്തിലാണ് അന്തരീക്ഷ മലിനീകരണം ജനങ്ങളെ ബാധിക്കുന്നത്. ലോകത്താകമാനം 70 ലക്ഷം പേരാണ് വായു മലിനീകരണം മൂലം വര്‍ഷംതോറും മരിക്കുന്നത്.