27 August, 2019 11:11:41 AM


കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 40,000 രൂപ പിഴയും



കോട്ടയം: കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എല്ലാവര്‍ക്കും 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. നീനുവിന്‍റെ സഹോദരനടക്കം കേസില്‍ പത്ത് പ്രതികളാണുള്ളത്. പ്രതികള്‍ ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളിന്മേലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.


പ്രതികള്‍ 40,000 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണം. ഇതില്‍ നിന്ന് കേസിലെ ഒന്നാം സാക്ഷിയായ അനീഷിന് ഒരു ലക്ഷം രൂപ നല്‍കണം. ബാക്കി തുക കെവിന്‍റെ പിതാവിനും കെവിന്‍റെ ഭാര്യ നീനുവിനും നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരി കൂടിയായ നീനുവിന്‍റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവായത്. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.


വധശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കണമെന്നാണ് ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രതിഭാഗം കോടതിയില്‍ പ്രധാനമായും വാദിച്ചത്. പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പ്രതികളെ അശ്രയിച്ച്‌ കഴിയുന്ന കുടുംബം ഉണ്ടെന്നും ഇതെല്ലാം പരിഗണിച്ച്‌ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. നീനുവിന്‍റെ പിതാവ് ചാക്കോ വിവാഹത്തിന് സമ്മതിച്ചിരുന്നുവെന്നും അതിനാല്‍ ദുരഭിമാനക്കൊലയായി പരിഗണിക്കാന്‍ ആവില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.


പക്ഷേ കോടതി ഈ വാദം തള്ളിക്കളഞ്ഞു. ഇതോടെയാണ് പ്രതിഭാഗം വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കണമെന്ന് കോടതിയില്‍ വാദിച്ചത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച്‌ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും കോടതിയില്‍ ആവശ്യപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K