05 August, 2019 05:47:29 PM
കാശ്മീര്‍: ഇന്ത്യന്‍ തീരുമാനത്തെ എതിര്‍ത്ത് പാകിസ്ഥാന്‍; സാധ്യമായതെല്ലാം ചെയ്യുമെന്നും ഇമ്രാന്‍ഖാന്‍
ഇസ്ലാമാബാദ്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ തീരുമാനത്തെ എതിര്‍ക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിലെ ജനങ്ങള്‍ ഈ തീരുമാനം അംഗീകരിക്കുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ പ്രദേശമാണ് ജമ്മു കാശ്മീര്‍. തര്‍ക്കബാധിതമായതിലൂടെയാണ് ജമ്മു കശ്മീര്‍ ശ്രദ്ധ നേടിയത്. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനത്തിലൂടെ അവിടുത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കശ്മീര്‍ സംബന്ധിച്ച തര്‍ക്കത്തിലെ കക്ഷി എന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഈ നീക്കത്തെ തടയാന്‍ സാധ്യമായ നടപടികളെല്ലാം പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വയംഭരണാധികാരം സംബന്ധിച്ച അവകാശത്തിന്‍റെ കാര്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും എല്ലാവിധ നയതന്ത്ര പിന്തുണയും ഉറപ്പ് നല്‍കുന്നതായും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു